ഉത്സവങ്ങളിൽ നാട്ടാനകളുടെ സംരക്ഷണം ഉറപ്പു വരുത്തും: മന്ത്രി എ കെ ശശീന്ദ്രൻ

 AK Saseendran
 AK Saseendran

കേരളീയ തനിമയോടെ ആചാരങ്ങളിലും ഉത്സവങ്ങളിലും ആന എഴുന്നള്ളിപ്പ് നിലനിർത്തുന്നതോടൊപ്പം നാട്ടാനകളുടെ ആരോഗ്യവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേരള ക്യാപ്റ്റീവ് എലിഫന്റ് കരട് ചട്ടത്തിന്മേലുള്ള ചർച്ചയൂം നാട്ടാന പരിപാലനം ഉപയോക്താക്കളുടെ സംസ്ഥാനതലയോഗവും തിരുവനന്തപുരത്തെ സോഷ്യൽ ഫോറസ്ട്രി ട്രെയിനിങ് കോംപ്ലക്‌സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 രാജ്യത്ത് ആദ്യമായി നാട്ടാന പരിപാലന ചട്ടങ്ങൾ നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. 2003ൽ ആദ്യമായി വന്ന ചട്ടം 2012ൽ ഭേദഗതി ചെയ്തതാണ് നിലവിൽ പ്രാബല്യത്തിലുള്ളത്. 2018 ലെ നാട്ടാന സെൻസസ് പ്രകാരം കേരളത്തിൽ 521 നാട്ടാനകളുണ്ടായിരുന്നു. നിലവിലെ കണക്ക് പ്രകാരം 381 നാട്ടാനകൾ ഉള്ളതിൽ 39 എണ്ണം വനം വകുപ്പിന്റെ സംരക്ഷണയിലുള്ളതാണ്. ആനകളുടെ എണ്ണത്തിൽ കുറവ് വന്നതും ഉത്സവങ്ങളിലടക്കം ആനകൾക്ക് ആവശ്യം കൂടിയ സാഹചര്യം നിലവിലുണ്ട്. ഇതോടെ ആനകളുടെ പ്രദർശനവും ഉപയോഗവും നിയന്ത്രണാതീതമായി വർദ്ധിച്ചു.

 ആനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പ്രകൃതി, വന്യജീവി സംഘടനകളുടെ നിർദേശങ്ങളും വിവിധ കോടതി ഇടപെടലുകളും സർക്കാർ പ്രാധാന്യത്തോടെ കാണുന്നു. ഇന്നത്തെ സാഹചര്യങ്ങളുടെയും പ്രായോഗിക അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ കുറ്റമറ്റ രീതിയിലുള്ള കേരള ക്യാപ്റ്റീവ് എലിഫന്റ് (മാനേജ്‌മെന്റ് & മെയിന്റനൻസ്) കരട് ചട്ടം 2023ൽ തയാറാക്കി. ആനകളുടെ ഉടമസ്ഥർ, ഉത്സവ നടത്തിപ്പുകാർ, ആന പരിപാലന സംഘടനകൾ എന്നിവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി പരിഗണിച്ച് ചട്ടം നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ആനകളെ എഴുന്നള്ളിക്കുന്നതിലും അവയുടെ കൃത്യമായ സംരക്ഷണം ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ട് മികച്ച രീതിയിൽ ചട്ടങ്ങൾ രൂപപ്പെടുത്താൻ ഇന്നത്തെ ചർച്ചയിലൂടെ സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

  ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഭരണം) പ്രമോദ് ജി. കൃഷ്ണൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗാ സിംഗ്, അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ രാജേഷ് രവീന്ദ്രൻ, പി. പുകഴേന്തി, എൽ. ചന്ദ്രശേഖർ, ജസ്റ്റിൻ മോഹൻ തുടങ്ങിയവർ സന്നിഹിതരായി.

Tags