മില്‍മ എറണാകുളം മേഖലാ യൂണിയന്‍ 30 കോടിരൂപ കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും പ്രോത്സാഹന വിലയായി വിതരണം ചെയ്യും
കൊച്ചി: മില്‍മഎറണാകുളം മേഖലാ യൂണിയന്‍ 2024 ഒക്ടോബര്‍ ഒന്ന് മുതല്‍ ജനുവരി 31 വരെയുള്ള നാല് മാസങ്ങളിലായി മധ്യകേരളത്തിലെ എറണാകുളം , തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തോളം വരുന്ന സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കുമായി 30 കോടിരൂപ വിതരണം ചെയ്യുമെന്ന് മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.ടി.ജയന്‍ അറിയിച്ചു.
പ്രാഥമിക ക്ഷീരസംഘങ്ങള്‍ മേഖലായൂണിയന് നല്‍കുന്ന ഒരു ലിറ്റര്‍ പാലിന് 10 രൂപ എന്ന് കണക്കാക്കി പ്രോത്സാഹന അധികവിലയായാണ് തുക വിതരണം ചെയ്യുന്നത്. ഇതില്‍ അഞ്ച് രൂപ കര്‍ഷകനും, നാല് രൂപ സംഘത്തിനും, ഒരു രൂപ മേഖലാ യൂണിയനില്‍ സംഘത്തിന്‍റെ ഓഹരിയായും വകയിരുത്തും. ഈ സാമ്പത്തികവര്‍ഷം മേഖലാ യൂണിയന്‍ ആഗസ്റ്റ് 11 മുതല്‍ സെപ്റ്റംബര്‍ 30 വരെ ഒരു ലിറ്റര്‍ പാലിന് 10 രൂപ പ്രകാരം 12 കോടിരൂപ കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി ചെയ്യുന്നുണ്ട്. ആ പദ്ധതിയുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നാല് മാസം കൊണ്ട് 30 കോടിരൂപ വിതരണം ചെയ്യാന്‍ പോകുന്നത്. കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി പരമാവധി ദിവസങ്ങളില്‍ അധിക പാല്‍വില നല്‍കി ക്ഷീരമേഖലയിലെ പ്രതിസന്ധിയെ അതിജീവിക്കാനാണ് മേഖലാ യൂണിയന്‍റെ ശ്രമം. ഇന്ത്യയിലെ ക്ഷീരോല്‍പ്പാദക യൂണിയനുകളിലെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ ഏറ്റവും കൂടിയ പ്രോത്സാഹന അധികവിലയാണ് എറണാകുളം മേഖലാ യൂണിയന്‍ നല്‍കുന്നതെന്നും എംടി.ജയന്‍ പറഞ്ഞു.