ഇന്ത്യ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദക രാജ്യമായത് സഹകരണ മാതൃകയിലൂടെ: മില്‍മ ചെയര്‍മാന്‍ കെഎസ് മണി
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദക രാജ്യമാക്കി ഇന്ത്യയെ മാറ്റിയതില്‍ ക്ഷീരമേഖലയിലെ സഹകരണ മാതൃക വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ കെഎസ് മണി. ക്ഷീരമേഖല നേരിടുന്ന ആഗോള വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതില്‍ സുസ്ഥിര സമ്പ്രദായങ്ങള്‍ നടപ്പാക്കുന്നത് നിര്‍ണായകമാണെന്നും പാരീസില്‍ നടന്ന ലോക ക്ഷീര ഉച്ചകോടി-2024 ല്‍ കെഎസ് മണി ചൂണ്ടിക്കാട്ടി.
ഇന്‍റര്‍നാഷണല്‍ ഡയറി ഫെഡറേഷന്‍ (ഐഡിഎഫ്) ആണ് ഒക്ടോബര്‍ 15-18 വരെ ഉച്ചകോടി സംഘടിപ്പിച്ചത്. നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിഡിഎഫ്ഐ) ഡയറക്ടറായ കെഎസ് മണി സമ്മേളനത്തില്‍ ഇന്ത്യന്‍ ക്ഷീരകര്‍ഷകരുടെ ഏക പ്രതിനിധി കൂടിയാണ്. നാഷണല്‍ ഡയറി ഡവലപ്മെന്‍റ ബോര്‍ഡ് (എന്‍ഡിഡിബി) ചെയര്‍മാന്‍ മീനേഷ് സി ഷാ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്ത്യന്‍ ക്ഷീരമേഖലയ്ക്ക് കൂടുതല്‍ വളര്‍ച്ചയ്ക്കും വിജയത്തിനുമുള്ള അവസരങ്ങള്‍ ഉണ്ടെന്ന് ഉച്ചകോടിയുടെ മുന്നോടിയായി നടന്ന കര്‍ഷകരുടെ വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്ഷീര മേഖലയെക്കുറിച്ച് സംസാരിച്ച കെഎസ് മണി പറഞ്ഞു. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്‍റെ ക്ഷീരമേഖലയില്‍ വലിയ കയറ്റുമതി സാധ്യതയാണുള്ളത്. ക്ഷീര സംസ്കരണം, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് ഫണ്ട് (ഡിഐഡിഎഫ്) പോലുള്ള സര്‍ക്കാര്‍ പദ്ധതികളിലൂടെ മൂല്യവര്‍ധിത പാലുല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാനും തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ പുതിയ വിപണികളിലേക്ക് എത്താനുമാകും.
രാജ്യത്തെ ക്ഷീരമേഖലയുടെ 80 ശതമാനത്തോളം വരുന്ന ചെറുകിട ക്ഷീരകര്‍ഷകര്‍ ജോലിഭാരം കുറയ്ക്കുന്നതിനായി സാങ്കേതികവിദ്യയും യന്ത്രസംവിധാനങ്ങളും പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ടെന്ന് കെഎസ് മണി പറഞ്ഞു. വികസിതരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ തൊഴിലാളി ക്ഷാമം വലിയ പ്രശ്നമല്ലെങ്കിലും ക്ഷീരമേഖലയുടെ വളര്‍ച്ച നിലനിര്‍ത്താന്‍ യുവകര്‍ഷകരെയും വിദഗ്ധ തൊഴിലാളികളെയും ആകര്‍ഷിക്കേണ്ടത് പ്രധാനമാണ്. കാലാവസ്ഥാ വ്യതിയാനം ഇന്ത്യന്‍ ക്ഷീരമേഖലയ്ക്കും വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ചെറുകിട കര്‍ഷകര്‍ ഇതു പരിഹരിക്കാന്‍ സുസ്ഥിര രീതികള്‍ സ്വീകരിച്ചുവരുന്നു. വൈക്കോല്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക അവശിഷ്ടങ്ങളാണ് ഇന്ത്യയില്‍ പ്രധാനമായും കാലിത്തീറ്റയായി ഉപയോഗിക്കുന്നത്. പാഴ്വസ്തുക്കള്‍ പ്രയോജനപ്പെടുത്താനും മാലിന്യങ്ങള്‍ കുറയ്ക്കാനും ഇതുവഴി സാധിക്കുന്നു.
536.76 ദശലക്ഷം കന്നുകാലികളുള്ള ഇന്ത്യയുടെ പാല്‍ ഉല്‍പ്പാദനം പ്രതിവര്‍ഷം 231 ദശലക്ഷം മെട്രിക് ടണ്‍ ആണെന്ന് മണി ചൂണ്ടിക്കാട്ടി. ഇത് ആഗോള ഉല്‍പാദനത്തിന്‍റെ 24-25 ശതമാനമാണ്. ഇന്ത്യയുടെ പ്രതിശീര്‍ഷ പാല്‍ ലഭ്യതയായ 459 ഗ്രാം ലോക ശരാശരിയായ 322 ഗ്രാമിനേക്കാള്‍ കൂടുതലാണ്. ഇത് ചെറുകിട ക്ഷീരകര്‍ഷകര്‍ മുന്നോട്ടുനയിക്കുന്ന ഇന്ത്യയിലെ ക്ഷീരമേഖലയുടെ കാര്യക്ഷമതയാണ് കാണിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ വന്‍കിട ഡയറി ഫാമുകളെ കേന്ദ്രീകരിച്ചാണ് ക്ഷീരവ്യവസായം നിലനില്‍ക്കുന്നത്. അതേസമയം ഇന്ത്യയിലെ ക്ഷീരമേഖലയെ നിലനിര്‍ത്തുന്നത് ചെറുകിട ക്ഷീരകര്‍ഷകരാണ്. രാജ്യത്തെ ക്ഷീരമേഖല ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉപജീവനമാര്‍ഗത്തിന്‍റെ നിര്‍ണായക സ്രോതസ്സുമാണ്.
28 സംസ്ഥാന ക്ഷീര ഫെഡറേഷനുകളും 240 ജില്ലാ സഹകരണ യൂണിയനുകളുമാണ് ഇന്ത്യയിലുള്ളത്. ഇത് ചെറുകിട കര്‍ഷകര്‍ക്ക് പാലിന് ന്യായമായ വില ലഭിക്കുന്നത് ഉറപ്പാക്കുകയും ചൂഷണം ഒഴിവാക്കുകയും സുസ്ഥിര വളര്‍ച്ചയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞ ദശകത്തില്‍ പാല്‍ ഉല്‍പാദനത്തില്‍ ആറ് ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. ഈ കാലയളവിലെ ആഗോള നിരക്ക് രണ്ട് ശതമാനമാണ്.
ഇന്ത്യയുടെ ക്ഷീര സഹകരണ ശൃംഖല 230,000 ഗ്രാമങ്ങളിലായി 80 ദശലക്ഷം കര്‍ഷകരെ ഉള്‍ക്കൊള്ളുകയും അവര്‍ക്ക് തുല്യമായ വരുമാന വിതരണം ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് മണി പറഞ്ഞു. ഇന്ത്യയിലെ ക്ഷീരമേഖലയില്‍ 35% സഹകരണ സംഘങ്ങളില്‍ സ്തീകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഗ്രാമീണ തലത്തില്‍ സ്ത്രീകള്‍ നയിക്കുന്ന 48,000 ക്ഷീര സഹകരണ സംഘങ്ങളുണ്ട്. ഇത് സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലാവസ്ഥാ വ്യതിയാനം, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, പ്രകൃതിവിഭവങ്ങളുടെ ശോഷണം തുടങ്ങി ക്ഷീരമേഖല നേരിടുന്ന നിര്‍ണായക വെല്ലുവിളികള്‍ ലോക ക്ഷീര ഉച്ചകോടിയില്‍ ചര്‍ച്ചയായി. ക്ഷീരമേഖലയിലെ ജീവനക്കാരുടെ കുറവ് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ എങ്ങനെ പരിഹരിക്കാം, കാലാവസ്ഥാ വ്യതിയാനം ക്ഷീര മേഖലയെ എങ്ങനെ ബാധിക്കുന്നു, ക്ഷീര മേഖലയിലെ സാധ്യതകളും വെല്ലുവിളികളും തുടങ്ങിയ വിഷയങ്ങളിലൂന്നിക്കൊണ്ടുള്ള പ്രഭാഷണങ്ങളാണ് സമ്മേളനത്തില്‍ നടന്നത്.
ഡയറി ഫാര്‍മേഴ്സ് മീറ്റില്‍ 58 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഇന്ത്യയിലെ ക്ഷീര മേഖലയെക്കുറിച്ചുള്ള പ്രഭാഷണത്തിന് യോഗത്തില്‍ അഭിനന്ദനം ലഭിച്ചു. ലോക രാജ്യങ്ങളിലെ ക്ഷീര മേഖലാ പ്രതിനിധികള്‍, സ്വകാര്യ കമ്പനികള്‍, സഹകരണ മേഖല പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.