മഹാത്മാഗാന്ധി സർവകലാശാലയില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി രേഖാ രാജിനെ നിയമിച്ചത് ശുദ്ധ അസംബന്ധമെന്ന് സുപ്രീംകോടതി

google news
supreme court
ഇതിനെതിരെ മഹാത്മാ ഗാന്ധി സർവകലാശാലയും രേഖാ രാജും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ്‍മാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവർ എംജി സർവകലാശാലയ്ക്കെതിരെ രൂക്ഷ വിമർശനമുയർത്തി.

ദില്ലി:മഹാത്മാഗാന്ധി സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസറായി രേഖാ രാജിനെ നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചു. നിയമന നടപടി ശുദ്ധ അസംബന്ധം എന്ന രൂക്ഷ വിമർശനമുയർത്തിയാണ് സർവകലാശാലയുടെയും രേഖാ രാജിന്‍റെയും ഹർജികൾ സുപ്രീം കോടതി തള്ളിയത്.

ദളിത് ചിന്തക രേഖാ രാജിനെ അസി. പ്രൊഫസറായി എംജി സർവ്വകലാശാല നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമനം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയ നിഷ വേലപ്പന്‍ നായരെ പകരം നിയമിക്കണമെന്ന് ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ മഹാത്മാ ഗാന്ധി സർവകലാശാലയും രേഖാ രാജും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ്‍മാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവർ എംജി സർവകലാശാലയ്ക്കെതിരെ രൂക്ഷ വിമർശനമുയർത്തി.

നിയമന വ്യവസ്ഥകളില്‍ ഇളവ് നല്‍കാന്‍ അധികാരമുണ്ടെന്ന് സർവകലാശാല വാദിച്ചു. എന്നാല്‍ രണ്ടുപേർക്ക് പിഎച്ച്ഡി ഉള്ളപ്പോൾ ഒരാളുടെ മാർക്ക് മാത്രം എന്തിന് കണക്കാക്കിയെന്ന് കോടതി ചോദിച്ചു. അടിസ്ഥാന യോഗ്യതയായ നെറ്റ് ഇല്ലാത്തതുകൊണ്ടാണ് പിഎച്ച്ഡി മാർക്ക് കണക്കാക്കാത്തത് എന്ന സർവകലാശാല വാദവും കോടതി തള്ളി.

 യുജിസി അംഗീകാരമില്ലാത്ത ജേണലുകളില്‍ പ്രസിദ്ദീകരിച്ച ലേഖനങ്ങൾക്ക് മാർക്ക് നല്‍കിയതിനെയും കോടതി വിമർശിച്ചു. നിയമന നടപടി അസംബന്ധം എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ കോടതി തള്ളിയത്. കോടതിയുടെ പരിഗണനയില്‍ വരാത്ത മറ്റ് നിയമനങ്ങൾക്ക് ഈ വിധി ബാധകമായിരിക്കില്ലെന്നും സുപ്രീം കോടതി അറിയിച്ചു.

Tags