മറ്റൂർ തൃക്കയിൽ മഹാദേവനെഴുന്നള്ളാൻ മെക്കാനിയ്ക്കൽ റൊബോട്ടിക് കൊമ്പനാന

google news
Mechanical robotic elephant to worship Mahadev at Mattur Trikka

കൊച്ചി:   ആനപ്രേമികളും പൂരപ്രേമികളും മനസ്സിൽ ഹൃദിസ്ഥമാക്കി കൊണ്ടുനടക്കുന്ന ഒന്നാണ് അവർക്കിഷ്ടപ്പെട്ട പേരെടുത്ത കൊമ്പന്മാരുടെ അഴകളവുകൾ. തലയെടുപ്പ് മാത്രമല്ല അവരുടെ കണ്ണിൽ പെടുക. മധ്യഭാഗം താഴ്ന്നു പൊങ്ങിനിൽക്കുന്ന തലക്കുനി, നിലത്തു ചുരുട്ടി ഇഴയുന്ന തുമ്പിക്കൈ, വിരിഞ്ഞ മസ്തകം, വീശുമ്പോൾ മസ്തകത്തിൽ കൂട്ടിയുരുമ്മുന്ന കീറലും പുള്ളി കളുമില്ലാത്ത വിസ്താരമായ ചെവി, മുന്നിലേക്കും മുകളിലേക്കും നീണ്ടു വളർന്ന നേർത്ത കൊമ്പുകൾ, ചെറിയ കഴുത്ത്, കണങ്കാൽ വരെ ഇറങ്ങിക്കിടക്കുന്നതും ധാരാളം നാരുകൾ ഉള്ളതുമായ വാൽ, പതിെനട്ടോ ഇരുപതോ നഖങ്ങൾ നീളമുള്ള കാൽ അങ്ങനെ അവർ ആനകളുടെ സൗന്ദര്യ ലക്ഷണങ്ങൾ എണ്ണിപ്പറയും. ഒറിജിനൽ ഗജവീരന്മാരുടെ ലക്ഷണങ്ങളിൽ നിന്നും ഒട്ടും പിറകിലല്ലാത്ത ഒരു റൊബോട്ടിക് ആനയുടെ വരവോടെ ആനപ്രേമികളുടെ ശ്രദ്ധ ചെന്നെത്തിയിരിക്കുകയാണ് 

എറണാകുളം ജില്ലയിലെ കാലടിയ്ക്കടുത്ത് മറ്റൂർ തൃക്കയിൽ മഹാദേവക്ഷേത്രമുറ്റത്തേയ്ക്ക്. കഴിഞ്ഞവർഷം വരെ ഇവിടെ ഉത്സവത്തിന് തിടമ്പേറ്റിയിരുന്നത് ഒറിജിനൽ ആനയായിരുന്നു. എന്നാൽ ഇനിമുതലങ്ങോട്ട് മഹാദേവന്റെ തിടമ്പേറ്റാൻ നിയോഗം ക്ഷേത്രത്തിൽ നടയിരുത്തിയ ചലിയ്ക്കുന്ന റൊബോട്ടിക്ക് കൊമ്പനായിരിക്കും. 

ചുട്ടുപൊള്ളുന്ന ഈ ചൂടു കാലത്ത് ഉത്സവത്തിന് ആനയിടയുമോയെന്ന പേടി ലവലേശമില്ലാതെയാണ് ഭക്തർ ഇത്തവണ മറ്റൂർ തൃക്കയിൽ ശിവക്ഷേത്രത്തിലേയ്ക്കെത്തിയത്. 800 കിലോഗ്രാം തൂക്കവും 10 അടി ഉയരവുമുള്ള ആന ഒറ്റനോട്ടത്തിൽ ലക്ഷണമൊത്ത കൊമ്പൻ തന്നെ. ഒറിജിനൽ ആനയുടെ ശരീരചലനങ്ങൾ എല്ലാം റൊബോട്ടിക് ആനയിലും അതിസൂക്ഷ്മമായി സന്നിവേശിപ്പിച്ചിരിക്കുകയാണ് വിദഗ്ദ്ധരായ ഇതിന്റെ സാങ്കേതിക ശില്പികൾ. ആനപ്പുറത്ത് എഴുന്നള്ളിപ്പിനായി നാലുപേരുടെ ഭാരം താങ്ങുന്നതിനുള്ള കെല്പും ഈ മെക്കാനിയ്ക്കൽ ആനയ്ക്കുണ്ട്. 

റബ്ബർ ആണ് ആന നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു. ഏഴുലക്ഷം രൂപയാണ് നിർമ്മാണത്തിനായി ചെലവായത്. ഡൽഹിയിലെ മൃഗസംരക്ഷണ സംഘടനായ പെറ്റ ഇന്ത്യയും ചലച്ചിത്രനടി പ്രിയാമാണിയും ചേർന്നാണ് തൃക്കയിൽ മഹാദേവനെന്നു നാമകരണം ചെയ്ത ഈ റൊബോട്ടിക് കൊമ്പനെ ക്ഷേത്രത്തിലേയ്ക്ക് നടയിരുത്തിയതെന്ന് ക്ഷേത്രം ഭാരവാഹി തെക്കിനിയേടത്ത് വല്ലഭൻ നമ്പൂതിരി പറഞ്ഞു. 

നാട്ടിലെ മറ്റു ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കും ആനയെ വിട്ടുനൽകാനാണ് ക്ഷേത്രം ഭരണസമിതിയുടെ തീരുമാനം. അങ്കമാലി എം.എൽ.എ. റോജി എം. ജോൺ ഞായറാഴ്ച രാവിലെ നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. 

Mechanical robotic elephant to worship Mahadev at Mattur Trikka


 

Tags