പ്രശസ്ത സിനിമ, നാടക നടൻ എം.സി കട്ടപ്പന അന്തരിച്ചു

google news
mc

കട്ടപ്പന : പ്രശസ്ത സിനിമ നാടക നടൻ എം.സി കട്ടപ്പന (മരങ്ങാട്ട് എം.സി ചാക്കോ) അന്തരിച്ചു. 75 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു.

ജില്ലയുടെ നാടകകളരി ആചാര്യാനായിരുന്ന എം.സി കട്ടപ്പന 1977ൽ ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്‌സിന്‍റെ പുണ്യതീർത്ഥംതേടി എന്ന പ്രൊഫഷണൽ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് മുപ്പതോളം പ്രൊഫഷണൽ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളിൽ പ്രതിഭ തെളിയിച്ചു.

2007ൽ കൊല്ലം അരീനയുടെ ആരും കൊതിക്കുന്നമണ്ണ് എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു. 2014ൽ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കൂടാതെ കെ.സി.ബി.സിയുടെ മികച്ച നടനുള്ള പുരസ്‌കാരം, പറവൂർ ഇ.എം.സ് അവാർഡ്, മികച്ച നടനുള്ള ബാലൻ കെ. നായർ അവാർഡ്, എം.ജി. സോമൻ അവാർഡ് ഉൾപ്പെടെ 50 ഓളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

മലയാള ചലചിത്ര ലോകത്തും എം.സി. കട്ടപ്പന തന്‍റേതായ പ്രതിഭ തെളിയിച്ചിട്ടുണ്ട്. കാഴ്ച‌, പകൽ, പളുങ്ക്, നായകൻ തുടങ്ങിയ സിനിമകളിലും 25 ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഭാര്യ: കടമ്മനിട്ട ചാന്തുകാവ് കുടുംബാഗം സാറാമ്മ. മക്കൾ: അജിത സോണി, എം.സി ബോബൻ (അമൃത ടി.വി). മരുമക്കൾ: സോണി (പുറ്റടി ചിറയിൻ മാലിൽ), സുനി (ഉപ്പുതറ മണ്ണഞ്ചേരി). സംസ്ക്കാരം ബുധനാഴ്ച്ച രാവിലെ 9.30ന് കട്ടപ്പന സെന്‍റ് ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ.

Tags