താമസ ആവശ്യത്തിനുള്ള വീടുകൾ നിർമ്മിക്കുന്നതിന് ദേശീയപാതാ സർവീസ് റോഡുകളിൽ നിന്നുള്ള ആക്സസ് പെർമിഷൻ നിർബന്ധമാക്കില്ല : മന്ത്രി എം.ബി രാജേഷ്

mb rajeesh
mb rajeesh

മലപ്പുറം: താമസ ആവശ്യത്തിനുള്ള വീടുകൾ നിർമ്മിക്കുന്നതിന് ദേശീയപാതാ സർവീസ് റോഡുകളിൽ നിന്നുള്ള ആക്സസ് പെർമിഷൻ നിർബന്ധമാക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

ആക്സസ് പെർമിഷൻ ഇല്ലാതെ തന്നെ വീടുകൾക്ക് ഇനി മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ബിൽഡിങ് പെർമിറ്റും നമ്പറും ലഭിക്കും. വിവിധ ജില്ലാ അദാലത്തുകളിൽ വന്ന പരാതികൾ പരിഗണിച്ചാണ് പൊതുവായ തീരുമാനം സർക്കാർ സ്വീകരിച്ചത്. വിമാനത്താവളം, റെയിൽവെ, പ്രതിരോധ സ്ഥാപനങ്ങൾ എന്നിവയുടെ എൻ ഒ സിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

മലപ്പുറത്ത് നടന്ന തദ്ദേശ അദാലത്തിന്റെ ഉദ്ഘാടന വേദിയിൽ അധ്യക്ഷനായിരുന്ന ടി വി ഇബ്രാഹിം എംഎൽഎ ആണ് ഇക്കാര്യം അധ്യക്ഷ പ്രസംഗത്തിൽ ഉന്നയിച്ചത്.

 എം എൽ എ ഉന്നയിച്ച വിഷയത്തിന്, തൊട്ടുപിന്നാലെ സംസാരിച്ച മന്ത്രി പരിഹാരം കാണുകയായിരുന്നു. ആക്സസ് പെർമിറ്റിന്റെ മറവിൽ വലിയ ചൂഷണങ്ങൾ നടക്കുന്നുവെന്നും പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാതല തദ്ദേശ അദാലത്ത് മലപ്പുറം മേൽമുറിയിലെ മഅദിൻ അക്കാദമി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനമെങ്ങും പതിനായിരക്കണക്കിന് പേർക്ക് ഗുണകരമാവുന്ന പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്.

Tags