മത്തായി കസ്റ്റഡി മരണം: സിബിഐ റിപ്പോര്‍ട്ട് ശരിവച്ച് വനം വകുപ്പ്, പ്രതികളായ ഉദ്യോഗസ്ഥര്‍ കുരുക്കിലേക്ക്
mathayii

മത്തായി കസ്റ്റഡി മരണം: സിബിഐ റിപ്പോര്‍ട്ട് ശരിവച്ച് വനം വകുപ്പ്, പ്രതികളായ ഉദ്യോഗസ്ഥര്‍ കുരുക്കിലേക്ക്പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായി മരിച്ച കേസില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ക്ക് കുരുക്ക് മുറുകുന്നു. സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് ശരിവച്ച വനം വകുപ്പ്, ഏഴ് ഉദ്യോഗസ്ഥരെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി. സിബിഐ അന്വേഷണത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വനത്തില്‍ സ്ഥാപിച്ച ക്യാമറകള്‍ തകര്‍ത്തെന്ന കേസില്‍ പിപി മത്തായിയെ വനപാലകര്‍ കസ്റ്റഡിയിലെടുത്തത് മുതല്‍ അടിമുടി ക്രമക്കേടുകള്‍ നടന്നെന്നാണ് സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നത്. ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍, ആര്‍ രാജേഷ്‌കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ കെ പ്രദീപ്കുമാര്‍, ജോസ് ഡിക്രൂസ്, ടി അനില്‍കുമാര്‍, എന്‍ സന്തോഷ്‌കുമാര്‍, വി എം ലക്ഷ്മി, ട്രൈബല്‍ വാച്ചര്‍ ഇ ബി പ്രദീപ്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 

പ്രതികളാക്കപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരും പ്രഥമ ദൃഷ്ട്യ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതെന്നാണ് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹയുടെ ഉത്തരവില്‍ പറയുന്നത്. പത്ത് വര്‍ഷം വരെ തടവും പിഴ ശിക്ഷയും കിട്ടാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ നിലവില്‍ ചുമത്തിയിരിക്കുന്നത്. ദക്ഷിണ മേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ പ്രതികളായ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരിരുന്നു. അറസ്റ്റ് മെമ്മോ പോലും ഇല്ലാതെ മത്തായിയെ കസ്റ്റഡിയിലെടുത്തെന്നും വീട്ടില്‍ അതിക്രമിച്ച് കയറിയെന്നുമായിരുന്നു ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തല്‍. സംഭത്തിന് പിന്നാലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും സസ്‌പെന്റ് ചെയ്‌തെങ്കിലും ആറ് മാസം സ്ഥലം മാറ്റം നല്‍കി സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസറായിരുന്ന ആറാം പ്രതി വി എം ലക്ഷ്മി വനം വകുപ്പില്‍ നിന്നും രാജിവച്ച് നിലവില്‍ ആരോഗ്യ വകുപ്പില്‍ എല്‍ഡി ക്ലര്‍ക്കാണ്.

Share this story