മരത്താക്കരയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു

A furniture shop caught fire at Marathakara
A furniture shop caught fire at Marathakara

തൃശൂര്‍: ദേശീയപാത മരത്താക്കരയില്‍ ഫര്‍ണിച്ചര്‍ സ്ഥാപനം തീപിടിച്ച് കടയിലെ സ്റ്റോക്ക് ഉള്‍പ്പെടെ കത്തി നശിച്ചു. കോടികണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഡി  ടെയ്ല്‍ എന്ന കടയില്‍ തീപിടിത്തം ഉണ്ടായത്. തീ ആദ്യം കണ്ടത് കടയിലെ ജീവനക്കാരായിരുന്നു. ഇവരാണ് അഗ്‌നിരക്ഷാസേനയെ വിവിരം അറിയിച്ചത്. ഉടന്‍തന്നെ തൃശൂരിലെ അഗ്‌നിരക്ഷാസേനയെത്തി. 

പുതുക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി  എന്നിവിടങ്ങളിലെ അഗ്‌നിരക്ഷാ കേന്ദ്രങ്ങളിലേക്ക് സന്ദേശം കൈമാറി. നിരവധി യൂണിറ്റുകള്‍ എത്തി  മണിക്കുറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ പൂര്‍ണമായി അണയ്ക്കാന്‍ കഴിഞ്ഞത്. എറണാകുളം സ്വദേശി ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. വലിയ സ്റ്റോക്കും നിര്‍മാണത്തിനാവശ്യമായ മെറ്റീരിയലുകളും യന്ത്രസമാഗ്രികളും ഉണ്ടായിരുന്നതായി പറയുന്നു. എല്ലാം പൂര്‍ണമായി കത്തിനശിച്ചു.

അഗ്‌നിരക്ഷാസേനയുടെ അവസരോചിതമായ ഇടപെടല്‍ മൂലം സമീപപ്രദേശത്തെ വീടുകളിലേക്കും കടകളിലേക്കും തീപടരാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞു. ആര്‍ക്കും പരുക്ക് ഇല്ല. സ്റ്റേഷന്‍ ഓഫീസര്‍ ബി. വൈശാഖിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി. അനില്‍കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ എം.ജി. രാജേഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ പ്രമോദ്, കൃഷ്ണപ്രസാദ്, ജയേഷ്, സന്തോഷ്‌കുമാര്‍, സുബൈര്‍, ശിവദാസ്, ജിമോദ്, വനിതാ ഓഫീസര്‍മാരായ ആന്‍ മരിയ, ആല്‍മ മാധവന്‍, ആര്യ, അഖില എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

തീപിടിത്തം സംബന്ധിച്ച് കുടുതല്‍ അന്വേഷണം നടത്തിയ ശേഷമേ കൃത്യമായി നഷ്ടം വിലയിരുത്താന്‍ കഴിയുകയുള്ളു എന്ന് അഗ്‌നിരക്ഷാസേന പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

Tags