വെട്ടിക്കുറച്ച ശമ്പളം തിരിച്ചു നൽകും; മണ്ണാര്‍ക്കാട് എംഇടി സ്കൂളിലെ സമരം പിൻവലിച്ചു
mannar
ശമ്പള കുടിശ്ശിക ഈ ഒക്ടോബര്‍ 31-നകം നൽകുമെന്ന് മാനേജ്മെൻ്റ് ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.

പാലക്കാട്: വെട്ടിക്കുറച്ച ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ടെ സ്വകാര്യ സ്കൂളിലെ അധ്യാപകരും ജീവനക്കാരും നടത്തി വന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. മണ്ണാര്‍ക്കാട് എംഇടി സ്കൂളിലെ 45 സ്ഥിരം അധ്യാപകരും അനധ്യാപകരുമാണ് സമരം നടത്തിയത്.

 ശമ്പള കുടിശ്ശിക ഈ ഒക്ടോബര്‍ 31-നകം നൽകുമെന്ന് മാനേജ്മെൻ്റ് ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.

കൊവിഡ് കാലത്താണ് എംഇടി സ്കൂളിലെ അധ്യാപകരുടേയും അനധ്യാപകരുടേയും ശമ്പളം മാനേജ്മെൻ്റ് വെട്ടിക്കുറച്ചത്. കൊവിഡ് പ്രതിസന്ധി മാറി വിദ്യാർത്ഥികളിൽ നിന്ന് ഫീസ് മുഴുവനും ലഭിക്കുന്ന മുറയ്ക്ക് ശമ്പളം തിരിച്ചു തരാമെന്ന ഉറപ്പിലാണ് മാനേജ്മെൻ്റ് ശമ്പളം വെട്ടിക്കുറച്ചതെന്ന് സമരം നടത്തിയ അധ്യാപകര്‍ പറയുന്നു.

എന്നാൽ  കൊവിഡ് നിയന്ത്രണം മാറി സ്കൂളിൻ്റെ പ്രവര്‍ത്തനം സാധാരണ നിലയിലാവുകയും വിദ്യാര്‍ത്ഥികളിൽ നിന്നും പൂര്‍ണതോതിൽ ഫീസ് സ്വീകരിച്ച് തുടങ്ങിയിട്ടും പഴയ ശമ്പളം പുനസ്ഥാപിക്കാൻ മാനേജ്മെൻ്റ് തയ്യാറായില്ല. പലവട്ടം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും  അനുകൂല തീരുമാനമുണ്ടാക്കാതെ വന്നതോടെയാണ് അധ്യാപകരും അനധ്യാപകരും പ്രതിഷേധ സമരത്തിലേക്ക് കടന്നത്.

മാനേജ്മെൻ്റിൻ്റെ നിഷേധ നിലപാടിൽ പ്രതിഷേധിച്ച് ഇന്നലെ ആരംഭിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി രാത്രിയിലും ഇവര്‍ സ്കൂളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അനുകൂല തീരുമാനമുണ്ടാവാതെ സ്കൂൾ വിട്ടു പോകില്ലെന്ന നിലപാടില്ലായിരുന്നു ഇവര്‍.

അതെ സമയം വെട്ടിക്കുറച്ച ശമ്പളം നൽകുമെന്ന് പറഞ്ഞിട്ടില്ലന്നാണ് മാനേജ്മെൻറ പ്രതിനിധികളുടെ പ്രതികരണം. എന്നാൽ ഇന്ന് നടന്ന ചര്‍ച്ചകൾക്ക് ഒടുവിൽ ശമ്പളകുടിശ്ശിക അടുത്ത മാസത്തോടെ വിതരണം ചെയ്യാമെന്ന് മാനേജ്മെൻ്റ് സമ്മതിക്കുകയായിരുന്നു.

Share this story