വധ ഗൂഢാലോചന കേസ്: മഞ്ജു വാരിയരുടെ മൊഴിയെടുത്തു
manjuwarrier

കൊച്ചി : നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ടു നടി മഞ്ജു വാരിയരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പീഡനക്കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായും കഴിഞ്ഞയാഴ്ച മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിൽ ദിലീപിന്റെ രണ്ടാം ഭാര്യയായ നടി കാവ്യാ മാധവന്റെ പങ്കാളിത്തം സംബന്ധിച്ചു ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ.സുരാജ് നടത്തിയ വെളിപ്പെടുത്തലാണു മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താൻ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്.

സുരാജ് ആരോപിക്കുന്നതുപോലെ കേസിലെ അതിജീവിതയായ നടിയും കാവ്യാ മാധവനും തമ്മിൽ എന്തെങ്കിലും വ്യക്തിവിദ്വേഷം ഉണ്ടായിരുന്നോയെന്നു കണ്ടെത്താനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം. മഞ്ജുവിനു പുറമെ അതിജീവിതയുമായി വ്യക്തിബന്ധമുള്ള മറ്റു ചില നടിമാരുടെ കൂടി മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

കേസിൽ നടി കാവ്യാ മാധവനെ എന്നു ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനത്തിലെത്താൻ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. കേസിൽ കാവ്യയ്ക്കു പങ്കാളിത്തമുള്ളതിന്റെ കൂടുതൽ തെളിവു ലഭിച്ചാൽ മാത്രം ചോദ്യം ചെയ്താൽ മതിയെന്ന അഭിപ്രായവും അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നു.

Share this story