മണ്ഡലകാല-മകരവിളക്ക് തീര്‍ത്ഥാടനം: കുടിവെള്ളം ഉറപ്പുവരുത്താനും മാലിന്യനിര്‍മാര്‍ജ്ജനത്തിനും കര്‍ശന നടപടി എടുക്കണം: മന്ത്രി സജി ചെറിയാന്‍

Mandalakala-Makaravilak Pilgrimage: Strict action should be taken to ensure drinking water and waste disposal: Minister Saji Cherian
Mandalakala-Makaravilak Pilgrimage: Strict action should be taken to ensure drinking water and waste disposal: Minister Saji Cherian

ആലപ്പുഴ : ശബരിമല മണ്ഡലകാല-മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരില്‍ വരുത്തേണ്ട മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ഫിഷറീസ് സാസ്‌കാരി വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍  ചെങ്ങന്നൂര്‍ എന്‍ജിനിയറിങ് കോളേജില്‍  അവലോകനയോഗം ചേര്‍ന്നു.തീര്‍ത്ഥാനത്തിരക്ക് പരിഗണിച്ച് ആവശ്യമായ മുന്‍ കരുതലുകള്‍ എല്ലാ വകുപ്പുകളും ഏകോപനത്തോടെ നിര്‍വഹിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടു. സമയ ബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, മെമ്പര്‍ ജി.സുന്ദരേശന്‍,  മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശോഭാ വര്‍ഗ്ഗീസ്, ചെങ്ങന്നൂര്‍ ആര്‍.ഡി.ഓ ജെ.മോബി എന്നിവര്‍ സംസാരിച്ചു.  

റെയില്‍വേ സ്റ്റേഷന്‍ കെ.എസ്.ആര്‍.ടി.സി, വണ്ടിമല ദേവസ്ഥാനം, മഹാദേവ ക്ഷേത്രപരിസരം എന്നിവിടങ്ങളില്‍ ഓരോ സ്ഥലത്തും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് 5 ടാപ്പുകള്‍ സജ്ജമാക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ആവശ്യമായ ടാങ്കര്‍ ലോറികള്‍ സജ്ജമാക്കണം. പ്രാദേശിക റോഡില്‍ അപകടകരമായി നില്‍ക്കുന്ന മരച്ചില്ലകള്‍ കണ്ടെത്തി ചെങ്ങന്നൂര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗത്തിന് കൈമാറണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള റോഡില്‍ വഴിയോര കച്ചവടങ്ങള്‍ നിയന്ത്രിക്കാനും തീരുമാനിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചെലവ് കൈകാര്യം ചെയ്യുന്നതിനായി പകുതി തുക കണ്ടെത്താന്‍ ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ നിലവില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറക്ക് പുറമെ അധികമായി സി.സി.ടി.വി ക്യാമറ സ്ഥാപിക്കണം. ക്ഷേത്രകുളത്തില്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കണം. ആയതിലേക്കായി സൂചനാ ഫലകങ്ങള്‍ സ്ഥാപിക്കണം. ക്ഷേത്ര പരിസരം ശുചീകരിക്കാനും ചെങ്ങന്നൂര്‍ ദേവസ്വത്തോട് നിര്‍ദ്ദേശിച്ചു.

നിലവിലുള്ള ആംബുലന്‍സ് കൂടാതെ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ആംബുലന്‍സ് സംവിധാനം ഏറ്റെടുത്ത് പ്രവര്‍ത്തന സജ്ജമാക്കണം. അയ്യപ്പ ഭക്തന്മാര്‍ക്ക് ആരോഗ്യ സേവനം ഉറപ്പ് വരുത്തുന്നതിലേക്കായി ശബരിമല ഇടത്താവളം, ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം എയ്ഡ് പോസ്റ്റ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കണം. 6 കിടക്കകളോട് കൂടിയ വാര്‍ഡ് ചെങ്ങന്നൂര്‍ ഗവ ബോയ്‌സ് സ്‌കൂളിലെ ആശുപത്രിയില്‍ സജ്ജമാക്കും. പാണ്ടനാട് എച്ച്.എസിന്റെ നേതൃത്വത്തില്‍ ശുചിത്വ പരിശോധനകള്‍ നടത്തണം. ആലപ്പുഴ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുമായി ചേര്‍ന്ന് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, സ്പ്രേയിങ് ഫോഗിങ് എന്നിവ നടത്തണം. തീര്‍ത്ഥാടന കാലത്ത് ആവശ്യമായ മരുന്നുകള്‍ ബ്ലീച്ചിംഗ് പൗഡര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ സ്റ്റോക്ക് ഉറപ്പ് വരുത്തണം. ആരോഗ്യ ബോധവല്‍ക്കരണം നടത്തുന്നതിലേക്കായി വിവിധ ഭാഷകളില്‍ സന്ദേശം ഉള്‍കൊള്ളുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

റെയില്‍വേ സ്റ്റേഷന്‍ പരിസരം സമയബന്ധിതമായി വൃത്തിയാക്കണം. ശൗചാലയങ്ങള്‍ എല്ലാം പ്രവര്‍ത്തനസജ്ജമാക്കണം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരച്ചില്ലകള്‍ അടിയന്തിരമായി മുറിച്ച് മാറ്റണം, റിസര്‍വേഷന്‍ കൗണ്ടര്‍ പഴയ സഥലത്ത് പുനഃ സ്ഥാപിക്കണം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിക്കുന്ന എയ്ഡ് പോസ്റ്റുകള്‍ക്ക് ആവശ്യമായ സ്ഥല സൗകര്യം. വൈദ്യുതി എന്നിവ ഉറപ്പ് റെയില്‍വേ ഉറപ്പുവരുത്തണമെന്ന്് യോഗം നിര്‍ദ്ദേശം നല്‍കി.

Tags