മോഷണക്കേസില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത സംഭവം ; പൊലീസുകാര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി

vishnu
vishnu

കോന്നി, ഇരവിപുരം സ്റ്റേഷനുകളിലെ പൊലീസുകാര്‍ മോശമായി പെരുമാറിയെന്നും വിഷ്ണു പറയുന്നു.

മോഷണക്കേസില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത പൊലീസുകാര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണു. ഒരു പരിശോധനയും നടത്താതെ കള്ളനെന്ന് മുദ്രകുത്തി കസ്റ്റഡിയിലെടുത്ത ശേഷം കോന്നി, ഇരവിപുരം സ്റ്റേഷനുകളിലെ പൊലീസുകാര്‍ മോശമായി പെരുമാറിയെന്നും വിഷ്ണു പറയുന്നു. ക്ഷേത്രത്തിലെ പൂജകള്‍ പോലും തടസപ്പെടുത്തി കീഴ്ശാന്തിയെ കൊണ്ടുപോയ പൊലീസിനെതിരെ ശക്തമായ നടപടി വേണമെന്നാണ് ക്ഷേത്രം ഭാരവാഹികളുടെയും ആവശ്യം.


ചൊവ്വാഴ്ച ദീപാരാധനയ്ക്ക് ശേഷമാണ് അപ്രതീക്ഷിതമായി പൊലീസ് എത്തി കീഴ്ശാന്തിയെ കസ്റ്റഡിയിലെടുത്തത്. മോഷണക്കേസില്‍ ആണ് കസ്റ്റഡി എന്ന് കേട്ട് ക്ഷേത്ര ഭാരവാഹികളും ഭക്തരും ഞെട്ടി. ചൊവ്വാഴ്ച കസ്റ്റഡിയില്‍ എടുത്ത വിഷ്ണുവിനെ ബുധനാഴ്ച ഉച്ചയോടെയാണ് വിട്ടയച്ചത്. അബദ്ധം പറ്റിയെന്നാണ് പൊലീസ് പറയുന്നത്.
ഒരുമാസം മുന്‍പ് കൊല്ലം പൂതക്കാട് ദേവീക്ഷേത്രത്തിലെ വിളക്കുകള്‍ മോഷണം പോയതില്‍ ശാന്തിക്കാരനെതിരെ ക്ഷേത്രം ഭാരവാഹികള്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിക്കൊപ്പം മോഷണം നടത്തിയ ആളുമായി സാദൃശ്യമുള്ള വിഷ്ണുവിന്റെ ഫോട്ടോയും ക്ഷേത്രം ഭാരവാഹികള്‍ പൊലീസിന് കൈമാറിയിരുന്നു. ദേവസ്വം ബോര്‍ഡിലെ താല്‍ക്കാലിക കീഴ്ശാന്തിക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നുമാണ് വിഷ്ണുവിന്റെ ഫോട്ടോ ഇവര്‍ക്ക് ലഭിച്ചത്. ഈ ഫോട്ടോ വെച്ചാണ് ഒന്നും നോക്കാതെ പൊലീസ് വിഷ്ണുവിനെ പിടികൂടിയത്.
വിഷ്ണുവിനെ തിരിച്ചറിയാന്‍ ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തിയ പൂതക്കാട് ക്ഷേത്രഭാരവാഹികള്‍ ആള് മാറിപ്പോയെന്ന് പറഞ്ഞതോടെ ഉദ്യോഗസ്ഥര്‍ പെട്ടുപോയി. അങ്ങനെ വളരെവേഗം വിഷ്ണുവിനെ വിട്ടയച്ചു. 
പൊലീസുകാര്‍ക്കെതിരെ നടപടിക്ക് കോടതിയെ സമീപിക്കുന്നതിനു പുറമെ ഡിജിപിക്കും പരാതി നല്‍കും.

Tags