മമ്പാട് തുണിക്കടയിലെ ഗോഡൗണിൽ യുവാവിന്റെ മൃതദേഹം; ആത്മഹത്യയെന്ന് പോലീസ്, 13 പേർ കസ്റ്റഡിയിൽ

google news
mambad

നിലമ്പൂര്‍: കോട്ടയ്ക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ്‌മാന്റെ (29) മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മമ്പാട് ടൗണിലെ ടെക്‌സ്‌റ്റൈല്‍സ് ഗോഡൗണില്‍ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ദുരൂഹ സാഹചര്യത്തില്‍ മുജീബ് റഹ്‌മാനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് ടെക്സ്റ്റയില്‍സ് ഉടമ ഉള്‍പ്പെടെ 13 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുവന്ന് തടങ്കലില്‍ വെച്ച് മര്‍ദനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.

കിഴിശ്ശേരിയില്‍ ഇന്‍ഡസ്ട്രിയില്‍ ജോലിയെടുക്കുന്ന മുജീബ് ഭാര്യ രഹനയുടെ പാണ്ടിക്കാട്ടെ വീട്ടിലായിരുന്നു താമസം. മഞ്ചേരി, നിലമ്പൂര്‍ മേഖലകളില്‍ ജോലിചെയ്തു വരികയായിരുന്ന മുജീബ്‌റഹ്‌മാന്‍ ഇന്‍ഡസ്ട്രിയല്‍ പ്രവൃത്തിക്കായി കമ്പി വാങ്ങിയ കടയില്‍ 1.5 ലക്ഷം രൂപ കൊടുക്കാനുണ്ട്.

പണം തരാമെന്നുപറഞ്ഞ കാലാവധി കഴിഞ്ഞതിനുശേഷം കടയുടമസ്ഥര്‍ ഭാര്യവീട്ടില്‍വന്ന് അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഷോപ്പിലെ ജീവനക്കാര്‍ മുജീബിന്റെ ഭാര്യവീട്ടിലെ ഫോണിലേക്ക് മുജീബിന്റെ കൈകള്‍ രണ്ടും കയറുപയോഗിച്ച് കെട്ടിയ ദൃശ്യം സാമൂഹികമാധ്യമത്തിലൂടെ അയച്ചുനല്‍കുകയും മുജീബിനെ കിട്ടിയിട്ടുണ്ടെന്ന് അറിയിക്കുകയുംചെയ്തു. രണ്ടുദിവസം ഇവരുടെ കസ്റ്റഡിയില്‍ വെച്ചതിനുശേഷം പോലീസില്‍ ഏല്‍പ്പിക്കാനാണ് തീരുമാനമെന്ന് ഇവര്‍ ഭാര്യവീട്ടുകാരോട് പറഞ്ഞിരുന്നു. സംഘത്തിന്റെ മര്‍ദനത്തിലാണ് മുജീബ്റഹ്‌മാന്‍ മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

Tags