അച്ഛന്റെയും മകന്റെയും മര്‍ദനത്തില്‍ അയല്‍വാസിയായ യുവാവ് മരിച്ചു

google news
ghjfg

കുന്നിക്കോട്: അച്ഛന്റെയും മകന്റെയും മര്‍ദനത്തില്‍ അയല്‍വാസിയായ യുവാവ് മരിച്ചു. കുന്നിക്കോട് പച്ചിലവളവില്‍ കടുവാംകോട് വീട്ടില്‍ കൊച്ചുചെറുക്കന്‍-ലക്ഷ്മി ദമ്പതിമാരുടെ മകന്‍ അനില്‍കുമാര്‍ (35) ആണ് മരിച്ചത്. രാത്രി വീട്ടില്‍നിന്നു വിളിച്ചിറക്കിയ യുവാവിനെ അമ്മയുടെ മുന്നിലിട്ടാണ് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ അയല്‍വാസി വിരമിച്ച വില്ലേജ് ഓഫീസര്‍ അല്‍ഫി ഭവനില്‍ സലാഹുദീന്‍ (60), മകന്‍ ദമീജ് (28) എന്നിവര്‍ക്കായി കൊട്ടാരക്കര ഡിവൈ.എസ്.പി. ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം.

വീട്ടില്‍നിന്നു വിളിച്ചിറക്കിയ അനില്‍കുമാറിനെ സലാഹുദീനും മകന്‍ ദമീജും ചേര്‍ന്ന് കമ്പിവടിയും മറ്റും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തലയ്ക്കും കാലിനും ആഴത്തില്‍ മുറിവേറ്റ് അബോധാവസ്ഥയിലായ അനില്‍കുമാറിനെ കുന്നിക്കോട് പോലീസെത്തിയാണ് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരിച്ചിരുന്നു.

വീട്ടുവളപ്പിലെ മരം മുറിക്കുന്നതിനിടെ ശിഖരം സലാഹുദീന്റെ വീട്ടിലേക്ക് വീണതുമയി ബന്ധപ്പെട്ട് അനില്‍കുമാറും ദമീജും തമ്മില്‍ കഴിഞ്ഞദിവസം തര്‍ക്കവും കൈയേറ്റവും ഉണ്ടായതായി പറയുന്നു. ഇതിനുശേഷം അനില്‍കുമാറിന്റെ വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന സലാഹുദീന്റെ കാറുകളുടെ കുറച്ചു ഭാഗങ്ങള്‍ അഗ്‌നിക്കിരയായതായി കണ്ടെത്തി. കഴിഞ്ഞ 14-ന് നടന്ന സംഭവങ്ങളില്‍ ഇരുകൂട്ടരും നല്‍കിയ പരാതികളില്‍ കുന്നിക്കോട് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മരം മുറിക്കുന്നതു സംബന്ധിച്ച് നാളുകളായി ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കുന്നിക്കോട് പോലീസ് പലതവണ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് മര്‍ദനവും മരണവും. ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സംഭവസ്ഥലം പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. അനില്‍കുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രാധികയാണ് അനില്‍കുമാറിന്റെ ഭാര്യ. മകള്‍: അനാമിക.

Tags