പെരിന്തല്‍മണ്ണയിൽ സ്ത്രീയെ കബളിപ്പിച്ച് ആഭരണവും പണവുമായി മുങ്ങി : രണ്ടര വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
lotting money case

തൃശ്ശൂര്‍: പെരിന്തല്‍മണ്ണ സ്വദേശിയായ സ്ത്രീയുടെ ആഭരണവും പണവും തന്ത്രപരമായി തട്ടിയെടുത്ത് രക്ഷപ്പെട്ടയാള്‍ രണ്ടര വര്‍ഷത്തിന് ശേഷം പിടിയില്‍. മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി നടുവത്തുചാലില്‍ ഹസൈനാര്‍ എന്ന അറബി അസൈനാര്‍ (62) ആണ് അറസ്റ്റിലായത്. 2020-ല്‍ തട്ടിപ്പുനടത്തിയ ശേഷം പ്രതി ഒളിവിലായിരുന്നു. തട്ടിപ്പ് നടത്തി മുങ്ങിയ ശേഷം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ മാറ്റിയുപയോഗിച്ചിരുന്ന പ്രതി കഴിഞ്ഞ മാസം തിരുവനന്തപുരത്ത് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചെങ്കിലും പിടികൂടാനായില്ല. മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് തൃശ്ശൂരിലെത്തിയപ്പോള്‍ പിടികൂടിയത്.

വീടുവെച്ച് കിട്ടുന്നതിന് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൊടുക്കുവാന്‍ പോകുകയായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി സുഹറയെ തെറ്റിദ്ധരിപ്പിച്ചാണ് 2000 രൂപയും രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും ഓരോ പവന്‍ തൂക്കം വരുന്ന രണ്ട് സ്വര്‍ണവളകളും തട്ടിയെടുത്തത്.

കോട്ടയ്ക്കലുള്ള അറബിയുടെ കൈയില്‍നിന്ന് വീട് നിര്‍മിച്ച് തരാനുള്ള സഹായം വാങ്ങിത്തരാം എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് തൃശ്ശൂരിലെത്തിക്കുകയായിരുന്നു. അറബി തൃശ്ശൂരുള്ള യത്തീംഖാനയിലാണെന്നു പറഞ്ഞാണ് തൃശ്ശൂരിലെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലെത്തിച്ചത്. സുഹറ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും കണ്ടാല്‍ അറബി സഹായം നല്‍കില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് പണവും സ്വര്‍ണവും വാങ്ങി. തുടര്‍ന്ന് അടുത്തുള്ള പള്ളിയില്‍ പോയി നിസ്‌കരിച്ചുവരാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു.

മലപ്പുറം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഇതേ തട്ടിപ്പ് നടത്തിയതിന് അസൈനാരുടെപേരില്‍ വിവിധ സ്റ്റേഷനുകളില്‍ കേസുണ്ട്.

തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. ലാല്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എ. ജോര്‍ജ് മാത്യു, സി.എന്‍. ഗാസി ഗോപിനാഥന്‍, സി.പി.ഒ.മാരായ പി. ഹരിഷ് കുമാര്‍, വി.ബി. ദീപക്, സൈബര്‍സെല്‍ ഉദ്യോഗസ്ഥരായ സുഹൈല്‍ ബാസിത്, കെ.എസ്. ശരത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share this story