ഡ്രൈഡേയില്‍ വഴിയരികില്‍ മദ്യവില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിൽ
liquer sale

ആനച്ചാല്‍: ഡ്രൈഡേയില്‍ വഴിയരികില്‍ മദ്യവില്‍പ്പന നടത്തുകയായിരുന്ന യുവാവിനെ അറസ്റ്റുചെയ്തു. തോക്കുപാറ തോപ്പില്‍ അജിയെ(38) ആണ് അടിമാലി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. മുന്‍പും അബ്കാരി കേസുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.

തോക്കുപാറയിലും പരിസരപ്രദേശങ്ങളിലും നാളുകളായി മദ്യവില്‍പ്പന നടത്തുന്ന അജിയുടെ വീട്ടിലും ഓട്ടോറിക്ഷയിലുമായി സൂക്ഷിച്ചിരുന്ന എട്ടരലിറ്റര്‍ മദ്യവും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഗ്ലാസില്‍ മൂന്ന് അടയാളമിട്ട് ഒരുവരയ്ക്ക് നൂറു രൂപ നിരക്കില്‍ വീടിനുസമീപം പൊതുവഴിയിലായിരുന്നു മദ്യവില്‍പ്പന നടത്തിയിരുന്നത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. കുഞ്ഞുമോന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ വി.പി. സുരേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എസ്. മീരാന്‍, സി.അരുണ്‍, രഞ്ജിത്ത് കവിദാസ്, നിമിഷ ജയന്‍, ശരത് എസ്.പി. എന്നിവരും പങ്കെടുത്തു. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

Share this story