പെണ്‍കുട്ടികളെ കബളിപ്പിച്ച് നഗ്‌ന വീഡിയോ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

google news
arrest

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളുടെ നഗ്‌ന വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി വീഡിയോ കോള്‍ ചെയ്ത് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇവ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ കൊല്ലം വൈ നഗറില്‍ ബദരിയ മന്‍സിലില്‍ താമസിക്കുന്ന മുഹമ്മദ് ഹാരിസ് (36) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്.
സ്‌കൂളുകളിലെ അധ്യാപകരുടെ നമ്പര്‍ കൈക്കലാക്കി സിനിമാ നിര്‍മാതാവാണെന്ന് പറഞ്ഞ് ബ്രോഷര്‍ അയച്ചു നല്‍കും. ഇതിനുശേഷം അഭിനയിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികളുടെ ഓഡിഷന്‍ നടത്താനാണെന്ന വ്യാജേന അധ്യാപകരെ കബളിപ്പിച്ച് അവരില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ കരസ്ഥമാക്കും. പിന്നീട് പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ച് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വീഡിയോ കോളില്‍ വിളിക്കുകയും ഒരു രംഗം അഭിനയിച്ചു കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും.

അടുത്ത രംഗം അഭിനയിക്കാന്‍ വേണ്ടി ക്യാമറയ്ക്ക് മുമ്പില്‍ നിന്നും ഡ്രസ്സ് മാറാന്‍ ആവശ്യപ്പെടുകയും ഇത് ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്താണ് പ്രതി ഭീഷണിപ്പെടുത്തിയിരുന്നത്. കൂട്ടുകാരികളില്‍ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ളവരുടെ ഫോണ്‍ നമ്പര്‍ തന്ത്രപൂര്‍വ്വം വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈക്കലാക്കും. പിന്നീട് ഇത് തട്ടിപ്പാണെന്ന് അറിഞ്ഞ് പെണ്‍കുട്ടികള്‍ വിളിക്കുമ്പോള്‍ ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ഇയാളുടെ രീതി.
വിദ്യാഭ്യാസം കുറവായ സാധാരണക്കാരായ ആളുകളെ സ്‌കൂളില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ച് അവരുടെ പേരില്‍ സിം കാര്‍ഡുകളെടുത്താണ് പ്രതി കുറ്റകൃത്യങ്ങള്‍ നടത്തുന്നത്. ഇയാളുടെ പേരില്‍ നൂറനാട് പൊലീസ് സ്റ്റേഷനിലും കനകക്കുന്ന് പൊലീസ് സ്റ്റേഷനിലും കേസുകള്‍ നിലവിലുണ്ട്. 2020 ല്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്.

Tags