വിമാനത്തില്‍നിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയ മലയാളി അറസ്റ്റില്‍

google news
Air India Express with more flight services from Kerala

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍നിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയ മലയാളി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ബി സി മുഹമ്മദാണ് അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുബായ്–മംഗളൂരു വിമാനത്തിലാണ് സംഭവം നടന്നത്. ജീവനക്കാരോടും യാത്രക്കാരോടും ഇയാള്‍ മോശമായി പെരുമാറിയതായും റിപ്പോര്‍ട്ടുണ്ട്. ഈ മാസം ഒമ്പതിനാണ് സംഭവം നടന്നത്. എട്ടിന് രാത്രി ദുബായില്‍ നിന്നും യാത്ര തുടങ്ങി ഒന്‍പതിന് രാവിലെ 7.30ന് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ എത്തും വിധമാണ് സര്‍വീസ്.


ദുബായില്‍നിന്നും വിമാനം എടുത്തതിന് പിന്നാലെ മുഹമ്മദ് ശുചിമുറിയില്‍ കയറി. അവിടെനിന്ന് ഇറങ്ങിയതിന് പിന്നാലെ കൃഷ്ണ എന്നയാളുടെ വിവരങ്ങള്‍ തേടി ജീവനക്കാരെ സമീപിച്ചു. എന്നാല്‍ കൃഷ്ണ എന്ന പേരില്‍ ഒരു യാത്രക്കാരന്‍ വിമാനത്തില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ മുഹമ്മദ് പെരുമാറിയെന്നാണ് പരാതി. വിമാനത്തില്‍നിന്നും കടലിലേക്കു ചാടുമെന്ന് ഇയാള്‍ ഭീഷണി മുഴക്കി. ലൈഫ് ജാക്കറ്റ് ഊരി ക്രൂവിന് നല്‍കുകയും ഒരു കാരണവുമില്ലാതെ സര്‍വീസ് ബട്ടണ്‍ നിരന്തരം അമര്‍ത്തുകയും ചെയ്തു.അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് ജീവനക്കാരെ ബുദ്ധിമുട്ടിച്ചു എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് മുഹമ്മദിനെതിരായ പരാതിയിലുള്ളത്.

മംഗളൂരുവില്‍ വിമാനമെത്തിയശേഷം എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജീവനക്കാര്‍ മുഹമ്മദിനെ പിടികൂടുകയും പൊലീസിന് കൈമാറുകയുമായിരുന്നു.

Tags