മലപ്പുറം വാറങ്കോടിൽ ഇരുനില വീടിന് തീപിടിച്ചു
ven

മലപ്പുറം: നഗരസഭയിലെ വാറങ്കോട് ഭാഗത്ത് ഇരുനില വീടിന് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇടവഴിക്കൽ അഷ്‌റഫിന്‍റെ വീടിനു തീപ്പിടിച്ചത്. മലപ്പുറം അഗ്നിരക്ഷ സേന ഏറെനേരത്തേ ശ്രമഫലമായാണ് തീ അണച്ചത്. മെയിൻ റോഡിൽനിന്ന് ഏകദേശം 200 മീറ്റർ ഉള്ളിലുള്ള വീട്ടിലേക്കുള്ള വഴിയിലൂടെ ഫയർ സർവിസ് വാഹനങ്ങൾക്ക് കടന്നു ചെല്ലാനാകാത്തതിനാൽ 12 ഹോസുകളിലൂടെ വെള്ളമെത്തിച്ചാണ് തീയണക്കാനായത്.തീപിടിച്ച മുകളിലത്തെ ബെഡ്റൂം ഫാൾസ് സീലിങ് ചെയ്തതിനാൽ എയർ സർക്കുലേഷന് മാർഗം ഇല്ലായിരുന്നു.

ഷോർട്ട് സർക്യൂട്ട് മൂലം സീലിങ്ങിന്‍റെ ഭാഗത്തുനിന്ന് തീപിടുത്തമുണ്ടായത് പുക മുറിക്കുള്ളിൽ നിറഞ്ഞുനിൽക്കാൻ സാഹചര്യം ഉണ്ടായി. അതിനാൽ സേനാംഗങ്ങൾ ബ്രീത്തിങ് അപ്പാരറ്റസ് സെറ്റ് ഉപയോഗിച്ചായിരുന്നു പ്രവർത്തിച്ചത്. വെള്ളം ശക്തിയായി ചീറ്റി ജനൽ ചില്ലുകൾ തകർത്ത് വെന്റിലേഷൻ നടത്തിയാണ് മുറിക്കുള്ളിൽ പ്രവേശിച്ച് തീ പൂർണമായും അണച്ചത്.

മുറിക്കുള്ളിലെ കട്ടിൽ, ബെഡ്, അലമാര, വസ്ത്രങ്ങൾ, രേഖകൾ എന്നിവ കത്തിനശിച്ചു. സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂറിന്‍റെ നേതൃത്വത്തിൽ, അസി. സ്റ്റേഷൻ ഓഫിസർ യു. ഇസ്മായിൽ ഖാൻ, സേനാംഗങ്ങളായ എം.എച്ച്. മുഹമ്മദലി, വി.പി. നിഷാദ്, ബാലചന്ദ്രൻ, എ.എസ്. പ്രദീപ്, കെ.സി. മുഹമ്മദ്‌ ഫാരിസ്, കെ. അഫ്സൽ, സിവിൽ ഡിഫെൻസ് അംഗങ്ങളായ പ്രസാദ്, സ്വാമിനാഥൻ എന്നിവർ ചേർന്നാണ് തീയണച്ചത്.
 

Share this story