മലപ്പുറത്ത് മോഷണ കേസിൽ രണ്ട് യുവാക്കൾ പിടിയിൽ
arrest

നിലമ്പൂർ : മമ്പാടും പരിസരങ്ങളിലും രാത്രികാലങ്ങളിൽ ബൈക്കിൽ സഞ്ചരിച്ച് മോഷണം നടത്തിവന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. മമ്പാട് പള്ളിക്കുന്ന് സ്വദേശി കോക്കാടൻ ലാസിം (25), മമ്പാട് ചെമ്പങ്ങാട് സ്വദേശി പുതുമാളിയേക്കൽ ഖാലിദ് (23) എന്നിവരെയാണ് നിലമ്പൂർ സി.ഐ പി. വിഷ്ണു അറസ്റ്റ് ചെയ്തത്.

മമ്പാട് തോട്ടഞ്ചേരി അഹമ്മദ് കോയയുടെ പുള്ളിപ്പാടം ഉതിരകുളത്തുള്ള റബർ തോട്ടത്തിലെ റാട്ടപ്പുരയിൽനിന്ന് കഴിഞ്ഞ 19ന് രാത്രി ഒന്നര ക്വിന്റൽ ഒട്ട് പാലും 29ന് റാട്ടപുരയിൽ ഉപയോഗിക്കുന്ന റബർ റോളറിന്‍റെ ഉരുക്ക് ചക്രങ്ങളും മോഷണം പോയിരുന്നു. ഈ പരാതിയിൽ നിലമ്പൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

കഴിഞ്ഞ 31ന് രാത്രി പുള്ളിപ്പാടം മാടംകോളനിയിലെ കുളത്തിങ്കൽ ബാബു ജോസഫിന്‍റെ തോട്ടത്തിൽനിന്ന് ഉണക്കാനിട്ട റബർഷീറ്റുകൾ മോഷണം പോയിരുന്നു. രാത്രികളിൽ ബൈക്കിൽ സഞ്ചരിച്ച് തോട്ടങ്ങളിലെ റാട്ടപ്പുരകളിൽ സൂക്ഷിച്ച ഒട്ട് പാലും ഷീറ്റുകളും റോളറുകളുടെ ഉരുക്ക് ഭാഗങ്ങളും കിണറുകളിലെ പമ്പ് സെറ്റുകളും മോഷ്ടിച്ച് ആക്രിക്കടകളിൽ വിൽപന നടത്തുന്നതാണ് പ്രതികളുടെ രീതി.

സംഘം സഞ്ചരിച്ച ബൈക്കും തൊണ്ടിമുതലുകളും പൊലീസ് കണ്ടെടുത്തു. മയക്കുമരുന്ന് വാങ്ങുന്നതിനാണ് സംഘം മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. നിലമ്പൂർ എസ്.ഐമാരായ എ.വി. സന്തോഷ്, എം. അസൈനാർ, സീനിയർ സി.പി.ഒ എൻ.പി. സുനിൽ, അഭിലാഷ്, ആസിഫ്, സി.പി.ഒമാരായ സജീഷ്, ടി. നിബിൻ ദാസ്, ജിയോ ജേക്കബ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
 

Share this story