'മാഡ് മാക്സ്' സംഘത്തിലെ പ്രധാനികൾ പിടിയിൽ; പിടിയിലായത് മയക്ക് മരുന്ന് ഡോർ ഡെലിവറി നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികൾ; വ്യത്യസ്ത ഇനം മയക്ക് മരുന്നുകളും പിടികൂടി

drug 1

വൈറ്റില/ ചക്കരപ്പറമ്പ്: എറണാകുളം ടൗൺ കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതി യുവാക്കൾക്ക് മയക്ക് മരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. കാസർഗോഡ് ബംബരാണയിലെ സക്കറിയ(ഷേണായി) (32),  ഇടുക്കി ഉടുമ്പൻ ചോല സ്വദേശി അമൽ വർഗ്ഗീസ് (26) എന്നിവരെയാണ് പിടികൂടിയത്.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ടീം, എറണാകുളം ഐബി, എറണാകുളം ടൗൺ നോർത്ത് സർക്കിൾ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് ഇവർ പിടിയിലായത്. ഇവരുടെ കൈവശത്ത് നിന്നും ഇവരുടെ താമസസ്ഥലത്തും നിന്നുമായി അത്യന്തം വിനാശകാരിയ പൗഡർ രൂപത്തിലുള്ള 62.574 ഗ്രാമോളം വൈറ്റ് മെത്തും, മൈസൂർ മാംഗോ എന്ന വിളിപ്പേരുള്ള 3.300 കിലോയോളം മുന്തിയ ഇനം കഞ്ചാവും, മാനസീക വിഭ്രാന്തിയുള്ളവർക്ക്  സമാശ്വാസത്തിനായി നൽകുന്ന അതിമാരകമായ മയക്ക് മരുന്നായ 18 എണ്ണം (14.818 ഗ്രാം) നൈട്രോസെപാം ഗുളികകൾ എന്നിവയും കണ്ടെടുത്തു.

വ്യത്യസത ഇനം മയക്ക് മരുന്നുകൾ തൂക്കുന്നതിനുള്ള റൗണ്ട് ടോപ്പ് വേയിങ് മെഷിൽ, നാനോ വേയിംഗ് മെഷിൻ , മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, രണ്ട് സ്മാർട്ട് ഫോണുകൾ, വ്യത്യസ്ത അളവിലെ സിപ് ലോക്ക് കവറുകൾ എന്നിവയും മയക്ക് മരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്ന ഇവരുടെ ആഡംബര ബൈക്ക് എന്നിവയും, മയക്ക് മരുന്ന് വിൽപ്പനയിലൂടെ ലഭിച്ച 16500/- രൂപയും, എക്സൈസ് കസ്റ്റഡിയിൽ എടുത്തു. 

drug

സമൂഹ മാധ്യമങ്ങൾ വഴി "മാഡ് മാക്സ് " എന്ന പ്രത്യേക തരം ഗ്രൂപ്പുണ്ടാക്കി അതിലൂടെയായിരുന്നു വിൽപ്പന. മുൻകൂട്ടിയുള്ള ഓർഡർ അനുസരിച്ച് ആവശ്യക്കാർക്ക് രാത്രി ആകുന്നതോടു കൂടി ഡോർ ഡെലിവറി നടത്തുന്നതായിരുന്നു വിൽപ്പനയുടെ രീതി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇരുവരും കഴിഞ്ഞ മാസമാണ് ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങിയത്. സംഘത്തിൽ ഉള്ളവർ പിടിക്കപ്പെട്ടാലും  ഉപഭോക്താക്കൾക്ക് കൃത്യമായി മയക്ക് മരുന്ന് എത്തിച്ച് നൽകുന്നതായിരുന്നു മാഡ് മാക്സ് സംഘത്തിൻ്റെ രീതി. 

ലോക്‌സഭ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസിൻ്റെ പ്രത്യേക  സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മുൻ കേസുകളിൽ പ്രതിയായിട്ടുള്ളവരെയെല്ലാം സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ചീഫ് അസി.എക്സൈസ് കമ്മീഷണർ ടി. അനികുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നിരീക്ഷിച്ച് വരുകയായിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളോളം ഷേണായി എന്ന് വിളക്കുന്ന സക്കറിയയുടെയും, അമലിൻ്റെയും നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചിരുന്ന എക്സൈസ് സംഘം ഇരുവരും മയക്ക് മരുന്നുകൾ സൂക്ഷിച്ച് വച്ച് വിൽപ്പന നടത്തുന്നുണ്ട് എന്ന് കണ്ടെത്തി. 

തുടർന്ന് വൈറ്റില ചക്കരപ്പറമ്പിന് സമീപം ആവശ്യക്കാരെ കാത്ത് ആഡംബര ബൈക്കിൽ ഇരിക്കുകയായിരുന്ന ഇരുവരേയും എക്സൈസ് സംഘം വളയുകയായിരുന്നു. പിടിയിലാകുമെന്ന് മനസ്സിലായ ഇരുവരും അക്രമാസക്തരായി വളരെ അപകടകരമായ രീതിയിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘത്തിൻ്റെ സംയോജിതമായ ഇടപെടലിലൂടെ ഇവരുവരേയും സാഹസീകമായി കീഴ്പ്പെടുത്തുകയായിരുന്നു.

സ്കൂൾ, കോളേജ് വിദ്യാർത്ഥികളാണ് പ്രധാനമായും ഇവരുടെ ഇരകൾ. കാസർഗോഡ്, മൈസൂർ എന്നിവിടങ്ങളിലുള്ള മയക്ക് മരുന്ന് മാഫിയയുമായി ബന്ധമുള്ള സംഘം അവിടെ നിന്ന് വൻതോതിൽ മയക്ക് മരുന്നുകൾ വാങ്ങി എറണാകുളം ടൗണിൽ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുകയാണ് ചെയ്തിരുന്നത്. ഇതിന് ഇവർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏജന്റുമാർ ഉള്ളതായും പറയുന്നു. മാഡ് മാക്സ് " സംഘത്തിലെ പ്രധാനികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകും. മയക്ക് മരുന്നിൻ്റെ ഉറവിടം സംബന്ധിച്ചും അന്വേഷിക്കും. 

വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുന്നതാണെന്നും അസി.എക്സൈസ് കമ്മീഷണർ ടി. അനികുമാർ അറിയിച്ചു. എറണാകുളം സിഐ എം.എസ്.ജനീഷ് കുമാർ, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, ഐ.ബി പ്രിവൻ്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, എറണാകുളം സർക്കിളിലെ അസ്സി.ഇൻസ്പെക്ടർ എം.കെ. ഷാജി, സിവിൽ എക്സൈസ് ഓഫീസർ ശരത്ത് എസ്,  ദീപക് വി.എം എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.