ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു; തെക്കൻ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Low pressure has strengthened over the Bay of Bengal
Low pressure has strengthened over the Bay of Bengal

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെ ന്യൂനമർദ്ദം തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച്  തുടർന്നുള്ള രണ്ട്  ദിവസത്തിൽ തമിഴ്നാട് - ശ്രീലങ്ക തീരത്തേക്ക്  നീങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതേത്തുടർന്ന് കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 26, 27, 28  തിയ്യതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 26ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും 27ന് ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും 28ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 

അതേസമയം തെക്കൻ കേരള തീരത്ത് നവംബർ 25 മുതൽ 29 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് അറിയിപ്പുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കാരണം ആ ഭാഗങ്ങളിലേക്കും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 

Tags