ലോറിയില്‍ സഹായിയായി പ്രവര്‍ത്തിച്ച് മൂന്ന് ലക്ഷം തട്ടിയ കേസ്: അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍

google news
 hamsa

തൃശൂര്‍: ലോറികളില്‍ സഹായിയായി പ്രവര്‍ത്തിച്ച് പണം തട്ടുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവിനെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നീലഗിരി പെരുമാട് ആലുക്കല്‍ ഹംസ (ബാബു, 42)യാണ് അറസ്റ്റിലായത്. കഴിഞ്ഞ ആറിന് എടമുട്ടത്ത് നിര്‍ത്തിയിട്ട ലോറിയില്‍നിന്ന് മൂന്ന് ലക്ഷവുമായി മുങ്ങിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. എറണാകുളത്ത് മൂന്ന് ലോഡ് ചിരട്ട വിറ്റ് മടങ്ങുകയായിരുന്ന ലോറിയില്‍നിന്നാണ് സഹായിയായി ജോലിക്ക് കയറിയ ഇയാള്‍ പണവുമായി മുങ്ങിയത്.

ലോറികളില്‍ സഹായിയായി പ്രവേശിച്ച് ഡ്രൈവര്‍ വാഹനം നിര്‍ത്തിയിട്ട് ഉറങ്ങിയാല്‍ പണവുമായി മുങ്ങുന്നതാണ് ഇയാളുടെ സ്വഭാവമെന്ന് പോലീസ് പറഞ്ഞു. എടമുട്ടത്ത് ലോറിയില്‍നിന്ന് മൂന്ന് ലക്ഷവുമായി മുങ്ങിയ കേസില്‍ ജില്ലാ റൂറല്‍ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌ഗ്രേയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവ് ബംഗളൂരുവില്‍ ഉണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാള്‍ മംഗലാപുരത്തേക്ക് കടന്നു. മംഗലാപുരം പോലീസിന്റെ സഹായത്തോടെ പിടികൂടിയ പ്രതിയെ വലപ്പാട്ടെത്തിച്ച് ചോദ്യം ചെയ്തു. കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags