ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഹരിതചട്ട പാലനത്തിനായി കൈപ്പുസ്തകം പുറത്തിറക്കി

fg

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ചുകൊണ്ട് നടപ്പാക്കുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് 'ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 ഹരിതചട്ടപാലനം സംശയങ്ങളും മറുപടികളും' എന്ന കൈപ്പുസ്തകം പുറത്തിറക്കി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ശുചിത്വ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ യു. വി ജോസിന് പുസ്തകത്തിന്‍റെ ആദ്യപ്രതി കൈമാറി.

ശുചിത്വ മിഷന്‍റെയും ഹരിതകേരളം മിഷന്‍റെയും സഹകരണത്തോടെയാണ് കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഉണ്ടാകാനിടയുള്ള മാലിന്യത്തിന്‍റെ അളവ് പരമാവധി കുറച്ച് പ്രകൃതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിച്ചുള്ള ഹരിത തിരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിനുള്ള വിവരങ്ങള്‍ പുസ്തകത്തിലുണ്ട്. മാലിന്യമുക്തം നവകേരളം എന്ന ബൃഹത്തായ പ്രചരണ പരിപാടി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന അവസരത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമേ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാവു എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഫ്ളക്സുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍, പോളിസ്റ്റര്‍ തുണികള്‍ എന്നിവ ഉപയോഗിച്ചുള്ള പ്രചാരണ സാമഗ്രികള്‍ തീര്‍ത്തും ഒഴിവാക്കണം. പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ കോട്ടണും പേപ്പറും ചേര്‍ന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ളതായിരിക്കണം. പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയവ ഉപയോഗിച്ചുള്ള പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കാം. പരമാവധി ഡിജിറ്റല്‍ സാധ്യതകള്‍ ഉപയോഗിക്കാവുന്നതാണ്.

നിരോധിത ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിയമ നടപടികള്‍ സ്വീകരിക്കും. സ്ഥാനാര്‍ത്ഥികളുടെ സ്വീകരണ പരിപാടികളില്‍ പൂക്കള്‍ ഉപയോഗിച്ചുള്ള ഹാരങ്ങള്‍, കോട്ടണ്‍ ഷാളുകള്‍ എന്നിവ ഉപയോഗിക്കണമെന്നും ഉപഹാരങ്ങളായി പുസ്തകങ്ങളും പഴക്കൂടകളും നല്‍കാവുന്നതാണെന്നും നിര്‍ദേശിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ഓഫീസുകള്‍ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം

പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുമ്പോള്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. പോളിംഗ് ഉദ്യോഗസ്ഥരും ഏജന്‍റുമാരും ഭക്ഷണം കുടിവെള്ളം തുടങ്ങിയ കൊണ്ടുവരുന്നതിന് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് പകരം സ്റ്റീല്‍ പ്ലേറ്റുകള്‍, ചില്ല് ഗ്ലാസുകള്‍ എന്നിവ ഉപയോഗിക്കണം. ഇതിനായി തിരഞ്ഞെടുപ്പ് ഓഫീസുകളില്‍ പ്ലേറ്റുകളും ഗ്ലാസുകളും കരുതിവെയ്ക്കണം. വോട്ടര്‍ സ്ലിപ്പുകള്‍ ബൂത്തിന് സമീപം ഉപേക്ഷിക്കാതെ ഇവ കളക്ഷന്‍ സെന്‍ററുകളിലെത്തിച്ച് സ്ക്രാപ്പ് ഡീലേഴ്സിന് കൈമാറാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കണം.

തിരഞ്ഞെടുപ്പിന് ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവയുടെ സഹായത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച വസ്തുക്കള്‍ നീക്കം ചെയ്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ശുചിത്വ മിഷനും വിവിധ വകുപ്പുകളും ചേര്‍ന്ന് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടപ്പാക്കാനുള്ള അധികാരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കായിരിക്കുമെന്നും പുസ്തകം വ്യക്തമാക്കുന്നു.

അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരായ ഡോ. അദീല അബ്ദുള്ള, ശര്‍മ്മിള സി, പ്രേംകുമാര്‍ പി ആര്‍ എന്നിവര്‍ പുസ്തക പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
 

Tags