ലോക്സഭാ തെരഞ്ഞെടുപ്പ്: സിഎ, ജെഇഇ അഡ്വാൻസ്ഡ് പരീക്ഷകൾ മാറ്റിയേക്കും

google news
exam 1

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സിഎ, ജെഇഇ അഡ്വാൻസ്ഡ് പരീക്ഷകളുടെ ടൈംടേബിൾ ഇന്നു പുതുക്കി പ്രസിദ്ധീകരിച്ചേക്കും. അതേസമയം നീറ്റ്–യുജി, ജെഇഇ–മെയിൻ, സിയുഇടി–യുജി പ്രവേശന പരീക്ഷൾക്കു മാറ്റമുണ്ടാകില്ല. 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) സിഎ ഇന്റർ ഗ്രൂപ്പ് 1 പരീക്ഷ മേയ് 3,5,7 തീയതികളിലും ഗ്രൂപ്പ് 2 പരീക്ഷ മേയ് 9,11,13 തീയതികളിലുമാണു നിശ്ചയിച്ചിരിക്കുന്നത്. സിഎ ഫൈനൽ പരീക്ഷയുടെ ഗ്രൂപ്പ് 1 മേയ് 2,4,6 തീയതികളിലും ഗ്രൂപ്പ് 2 മേയ് 8,10,12 തീയതികളിലുമാണ്. ഈ തീയതികളിൽ മാറ്റം വരുത്തുമെന്ന് അധികൃതർ പറഞ്ഞു. 

ഏപ്രിൽ 4 മുതൽ 15 വരെയുള്ള ജെഇഇ–മെയിൻ രണ്ടാം സെഷനിൽ മാറ്റമുണ്ടാകില്ല. അതേസമയം, ജെഇഇ–അഡ്വാൻസ്ഡ് പരീക്ഷയിൽ മാറ്റമുണ്ടായേക്കുമെന്നും പരീക്ഷാ നടത്തിപ്പുകാരായ ഐഐടി മദ്രാസ് അന്തിമ തീരുമാനം സ്വീകരിക്കുമെന്നും അധികൃതർ പറയുന്നു. മേയ് 26നാണ് പരീക്ഷ. മേയ് 25നാണ് ആറാം ഘട്ട വോട്ടെടുപ്പ്. മേയ് അഞ്ചിനുള്ള നീറ്റ്–യുജിക്കു മാറ്റമുണ്ടാകില്ലെന്നാണ് എൻടിഎ അധികൃതർ നൽകുന്ന സൂചന. സിയുഇടി–യുജിയും മുൻ നിശ്ചയിച്ചപ്രകാരം നടക്കും.