ലോക്സഭാ തിരഞ്ഞെടുപ്പ് : കണ്ണൂരിൽ എംവി ജയരാജനും കെ.സുധാകരനും അപരൻമാർ

sudhakaran

കണ്ണൂർ : കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ പത്രികാ സമർപ്പണം പൂർത്തിയായ രണ്ടു സ്വതന്ത്രൻമാർക്ക് പുറമേ മൂന്ന് അപര സ്ഥാനാർത്ഥികളും പത്രിക നൽകി. രണ്ട് കെ.സുധാകരൻമാരും ഒരു എം.വി ജയരാജൻമാരും രണ്ടു ജയരാജൻ മാരുമാണ് സ്വതന്ത്ര സ്ഥാനാർത്ഥികളായി പത്രിക സമർപ്പിച്ചത്.

 എൻ.ഡി.എ സ്ഥാനാർത്ഥി സി രഘുനാഥിന് അപര സ്ഥാനാർത്ഥിയില്ല. വളപട്ടണം സലിം, ചന്ദ്രൻ തില്ലങ്കേരി എന്നിവരാണ് മറ്റു രണ്ടു സ്വതന്ത്ര സ്ഥാനാർത്ഥികൾ. ഇക്കുറി വാശിയേറിയ പോരാട്ടം നടക്കുന്ന കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി സി രഘുനാഥ് പിടിക്കുന്ന വോട്ടുകളെയാണ് ഇരു സ്ഥാനാർത്ഥികളും ഉറ്റുനോക്കുന്നത്.

2019ൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച സി.കെ. പത്മനാഭൻ 85,000 വോട്ടാണ് നേടിയിരുന്നത്. ഇത് ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയർത്താൻ കഴിഞ്ഞാൽ അതു ക്ഷീണം ചെയ്യുക യു.ഡി എഫ് സ്ഥാനാർത്ഥിയും സിറ്റിങ് എം.പിയുമായ സുധാകരനായിരിക്കുമെന്ന കണക്കു കൂട്ടലിലാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ.

 എന്നാൽ തനിക്ക് കോൺഗ്രസിൽ മാത്രമല്ല സി.പി.എമ്മിലും സൗഹൃദമുണ്ടെന്നും അതു വോട്ടായി മാറുമെന്നാണ് സി.രഘുനാഥിൻ്റ അവകാശവാദം. കേരളത്തിൽ നരേന്ദ്ര മോദി തരംഗമുണ്ടാവുകയാണെങ്കിൽ അതു കണ്ണൂരിലും പ്രതിഫലിക്കുമെന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി ചൂണ്ടിക്കാണിക്കുന്നത്.