സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുകയാണ് തദ്ദേശ അദാലത്തിന്റെ ലക്‌ഷ്യം: മന്ത്രി എം ബി രാജേഷ്
ഇടുക്കി : ജില്ലയിലെ സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനാണ് തദ്ദേശ അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇടുക്കി ജില്ലയിലെ അദാലത്ത് ചെറുതോണി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാലത്തിൽ നേരിട്ട് വരുന്ന പരാതികൾ രണ്ടാഴ്ചയ്ക്കക്കകം പരിഹരിക്കും.
വ്യക്തിപരമായ തീരുമാനങ്ങളല്ല മറിച്ച് നയപരമായ ഭേദഗതികൾ നടപ്പിലാക്കുന്നതിനും അദാലത്ത് ലക്ഷ്യമിടുന്നു. റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഇരകളാവുന്ന സാധാരണക്കാരെ സംരക്ഷിക്കും. നിയമവിരുദ്ധമായി ഭൂമി വിഭജിച്ച് വിൽക്കുന്നവർക്കെതിരെ കർശന നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആശ ആൻ്റണി, തദ്ദേശ സ്വയംഭരണ ഡയരക്ടർ ഡോ. സീറാം സാംബശിവറാവു, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗ്ഗീസ്, റൂറൽ ഡയരക്ടർ ദിനേശൻ ചെറുവാട്ട്, ജോയിൻ്റ് ഡയരക്ടർ ചുമതല വഹിക്കുന്ന ജോസഫ് സെബാസ്റ്റ്യൻ, മറ്റ് ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.