ടെക്സ്റ്റൈൽ ഷോറൂമുകളിൽ തൊഴിൽ വകുപ്പിന്‍റ മിന്നൽ പരിശോധന; കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങൾ

text
സംസ്ഥാനത്തെ 82 ഷോറൂമുകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ടെക്സ്റ്റൈൽ ഷോറൂമുകളിൽ തൊഴിൽ വകുപ്പ് നടത്തിയ വ്യാപക മിന്നൽ പരിശോധനയെ തുടർന്ന്  മുന്നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

സംസ്ഥാനത്തെ 82 ഷോറൂമുകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം, മിനിമം വേതന നിയമം, പേയ്മെന്റ് ഓഫ് വേജസ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്സ് നിയമം എന്നീ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജോലിസ്ഥലത്തു ഇരിക്കാനുള്ള അവകാശം, ബാലവേല എന്നിവയും പരിശോധനയുടെ ഭാഗമായിരുന്നു.

റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർമാർ,  ജില്ലാ ലേബർ ഓഫീസർമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 3724 തൊഴിലാളികൾ ജോലി ചെയ്യുന്നതിൽ 710 തൊഴിലാളികൾക്ക് മിനിമം വേതനം  ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയതായും  അദ്ദേഹം അറിയിച്ചു.

Tags