വോട്ടര്‍മാരെ നേരില്‍ കണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ : രണ്ടാം ഘട്ട പ്രചാരണം ഊര്‍ജ്ജിതമാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി

google news
LDF candidate Thomas Chazhikadan met the voters in person

കോട്ടയം:  അവധി ദിനത്തിന്റെ ആലസ്യത്തിലും തിരഞ്ഞെടുപ്പ് തിരക്കിന് അവധിയില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്നലെ(ഞായറാഴ്ച) രാവിലെ മുതല്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് പര്യടനം രാത്രി വൈകി കുടുംബയോഗത്തോടെയാണ് സമാപിച്ചത്. തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതിലും നീണ്ടതോടെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം.

ഇന്നതെ രാവിലെ സ്വന്തം ഇടവക പള്ളിയായ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ദേവാലയത്തില്‍ കുര്‍ബാനയില്‍ പങ്കെടുത്തു. സ്ഥാനാര്‍ത്ഥിയാണെന്ന് അറിയാമായിരുന്നെങ്കിലും ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് ആയതിനാല്‍ ആശംസകള്‍ നേരുന്നുവരെ എണ്ണം കൂടുതലായിരുന്നു. ഉച്ചയ്ക്ക് പള്ളിയിലെത്തി ഊട്ട്‌നേര്‍ച്ചയിലും സ്ഥാനാര്‍ത്ഥി പങ്കുകൊണ്ടു. ഊട്ട് നേര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ഫ്രാന്‍സിസ് ജോര്‍ജിന് ആതിഥേയന്റെ കടമയോടെ തോമസ് ചാഴികാടന്‍ നേര്‍ച്ച വിളമ്പി നല്‍കി. ഐപിസി ഫിലാദെല്‍ഫിയ ചര്‍ച്ച്, സുവാര്‍ത്ത ചര്‍ച്ച് എന്നിവിടങ്ങളിലെത്തി വിശ്വാസികളെ കണ്ടു. പ്രാര്‍ത്ഥനയും ആശംസകളുമായാണ് രണ്ടിടത്തും വിശ്വാസികള്‍ സ്ഥാനാര്‍ത്ഥിയെ യാത്രയാക്കിയത്.

തുടര്‍ന്ന് കാരിത്താസില്‍ നടന്ന പ്രവാസി മീറ്റിനും സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. എല്ലായിടത്തും കഴിഞ്ഞ കാലങ്ങളില്‍ ചെയ്ത വികസനം മാത്രം ഓര്‍മ്മിപ്പിച്ച് വോട്ടുചോദ്യം. എംപി ഫണ്ട് കിട്ടാത്ത പഞ്ചായത്തുകള്‍ ഒന്നുമില്ലാത്തിനാല്‍ വികസനം ചൂണ്ടിക്കാണിച്ചാണ് വോട്ടഭ്യര്‍ത്ഥന.

മണ്ഡലം കണ്‍വന്‍ഷനുകള്‍ തുടരുന്നതിനാല്‍ പിന്നീട് ഒരു ഓട്ടപ്രദക്ഷിണം. ഞീഴൂരിലും എളിക്കുളത്തും രാമപുരത്തും മീനച്ചിലും ഓടിയെത്തി വോട്ടു ചോദിച്ച് മടക്കം. എല്ലായിടത്തും എത്തേണ്ടതിനാല്‍ സ്ഥാനാര്‍ത്ഥിയെ ആദ്യം സംസാരിപ്പിച്ച് യാത്രയാക്കുകയാണ് സംഘാടകരും. രാത്രി വൈകി കോട്ടയം പടിഞ്ഞാറേക്കരയില്‍ കുടുംബ സംഗമത്തോടെ ഇന്നലെത്തെ പര്യടനത്തിന് സമാപനമായി. ഇന്നും മണ്ഡലം കണ്‍വന്‍ഷനുകള്‍ തുടരും.