ശബരിമല തീര്‍ത്ഥാടനത്തിലെ ക്രമീകരണങ്ങളിലെ വീഴ്ച ; ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വിശദമായി പരിശോധിക്കും
അമിത വില ഈടാക്കുന്ന കടകള്‍ക്കെതിരെയും ഇന്നലെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു
ശബരിമല തീര്‍ത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേരള ഹൈക്കോടതി ഇന്ന് വിശദമായി പരിശോധിക്കും. സന്നിധാനത്തടക്കമുള്ള മൊബൈല്‍ വീഡിയോ ചിത്രീകരണവും പതിനെട്ടാം പടിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ടും ഭക്തരില്‍ നിന്ന് അമിത വില ഈടാക്കുന്ന കടകള്‍ക്കെതിരെയും ഇന്നലെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
വിഷയങ്ങള്‍ വിശദമായി പരിശോധിക്കുമ്പോള്‍ കോടതിയുടെ ഭാഗത്ത് നിന്ന് എന്ത് നടപടിയാകും ഉണ്ടാകുക എന്നതാണ് അറിയേണ്ടത്.
ശബരിമലയില്‍ ഭക്തരില്‍ നിന്ന് അമിതമായി അനധികൃതമായി വില ഈടാക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഇന്നലെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഡ്യൂട്ടി മജിസ്‌ട്രേറ്റുകള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. നിശ്ചിത ഇടവേളകളില്‍ കടകളില്‍ പരിശോധന നടത്തണം. അമിത വില ഈടാക്കുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.