ഭൂമി തരം മാറ്റം അദാലത്ത് ഒക്ടോബർ 25 മുതൽ നവംബർ 15 വരെ

Land Type Change Adalat from October 25 to November 15
Land Type Change Adalat from October 25 to November 15

ഭൂമി തരം മാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി രണ്ടാം ഘട്ട അദാലത്ത് നടത്തുന്നതിന് റവന്യൂ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഒക്ടോബർ 25 മുതൽ നവംബർ 15 വരെ താലൂക്ക് തലത്തിലാണ് അദാലത്ത് സംഘടിപ്പിക്കുക. ഒക്ടോബർ 25 ന് സംസ്ഥാന തല ഉദ്ഘാടനം നടക്കും. 

ഓരോ താലൂക്കിലേയു സമയ ക്രമം നിശ്ചയിക്കുന്നതിന് ലാൻറ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി. 25 സെൻറിൽ താഴെയുള്ള സൗജന്യമായി തരം മാറ്റത്തിന് അർഹതയുള്ള ഫോം5, ഫോം 6   അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. ഇപ്രകാരം അപേക്ഷകൾ പോർട്ടലിൽ സജ്ജീകരിക്കുന്നതിനായി സംസ്ഥാന ഐടി സെല്ലിന് നിർദ്ദേശം നൽകി. ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിലാണ് അദാലത്തുകൾ സംഘടിപ്പിക്കുക. 

അദാലത്തിന് മുൻപായി സംസ്ഥാനാടിസ്ഥാനത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, ലാന്റ് റവന്യൂ കമ്മീഷണർ, അഗ്രികൾച്ചറൽ സെക്രട്ടറി, പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ, ജില്ലാ കളക്ടർമാർ എന്നിവരുടെ സംയുക്ത യോഗം ചേരും.  അദാലത്തിൽ പരിഗണിക്കുന്ന അപേക്ഷകർക്കുള്ള അറിയിപ്പ് അപേക്ഷയിൽ രേഖപ്പെടുത്തിയ മൊബൈൽ നമ്പറിലേക്ക് പ്രത്യേക സന്ദേശം അയക്കുവാൻ നിർദ്ദേശം നൽകിയാതായി റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ അറിയിച്ചു.

തരം മാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനായി 2023 ൽ നടത്തിയ ഒന്നാം ഘട്ട അദാലത്തുകൾ ആർഡിഒ ഓഫീസുകൾ കേന്ദ്രീകരിച്ചായിരുന്നു. അതിൽ വലിയ തോതിൽ അപേക്ഷകൾ തീർപ്പാക്കാൻ കഴിഞ്ഞിരുന്നു. 2024 സെപ്തംബറോടെ സംസ്ഥാനത്തെ 27 ആർഡിഒ മാർക്കൊപ്പം ഡെപ്യൂട്ടി കളക്ടർമാർക്കു കൂടി തരം മാറ്റ അപേക്ഷകൾ പരിഗണിക്കാനുള്ള അധികാരം നൽകി നിയമസഭ തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ ആർഡിഒ മാരും ഡെപ്യൂട്ടി കളക്ടർമാരുമാണ് ഇപ്പോൾ തരം മാറ്റ അപേക്ഷകൾ കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട അദാലത്ത് താലൂക്ക് അടിസ്ഥാനത്തിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇപ്പോൾ തീർപ്പാക്കാനുള്ള രണ്ടര ലക്ഷം അപേക്ഷകളിൽ വലിയൊരു ശതമാനം അദാലത്തിലൂടെ തീർപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

Tags