വാക്​തർക്കത്തെ തുടർന്ന് പെൺകുട്ടി കായലിൽ ചാടി ; രക്ഷിക്കാന്‍ ശ്രമിച്ച പിതാവ്​ മുങ്ങിമരിച്ചു

houseboat alappuzha
houseboat alappuzha

ആലപ്പുഴ: ഹൗസ്ബോട്ടിൽ യാത്രക്കിടെയുണ്ടായ വാക്​തർക്കത്തെ തുടർന്ന് കായലിൽ ചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ്​ മുങ്ങിമരിച്ചു. മകളെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്‌ തിരുനെൽവേലി വഞ്ചിപുരം കോയിൽതെണ്ട തെരുവിൽ ജോസഫ്‌ ഡി. നിക്‌സണാണ്​ (58) മരിച്ചത്‌. ഞായറാഴ്ച ഉച്ചക്ക്​ ഒന്നോടെ ആർ ബ്ലോക്കിന്‌ സമീപത്തെ ചിത്തിരക്കായലിലാണ്‌ സംഭവം.

തിരുനെൽവേലിയിൽനിന്ന്​ എത്തിയ ബന്ധുക്കളടങ്ങുന്ന 13 അംഗ സംഘമായിരുന്നു ഹൗസ്ബോട്ടിലുണ്ടായിരുന്നത്‌. യാത്രക്കിടെ കുടുംബാംഗങ്ങളുമായി വഴക്കിട്ട സഹയ ബിനിഷ (30) കായലിലേക്ക്‌ ചാടുകയായിരുന്നു. യുവതിയെ രക്ഷിക്കാനായി ജോസഫും മകനും പിറകെ കായലിൽ ചാടി. നിലവിളി കേട്ട്‌ ഓടിയെത്തിയ ബോട്ട്‌ ജീവനക്കാർ ജോസഫിനെയും മകനെയും കരക്കുകയറ്റി.

ഉടൻ സ്‌പീഡ്‌ബോട്ടിൽ മെഡിക്കൽ കോളജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫിനെ രക്ഷിക്കാനായില്ല. മകന്‌ കാര്യമായ പരിക്കില്ല. മകൾ വെള്ളത്തിൽനിന്ന്‌ കയറാൻ കൂട്ടാക്കിയിരുന്നില്ല. പിന്നീട്‌ ബന്ധുക്കളും ജീവനക്കാരും ചേർന്ന്‌ യുവതിയെ ബലമായി പിടിച്ചുകയറ്റി വണ്ടാനം മെഡിക്കൽ കോളജ്‌ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Tags