'ഉമാ തോമസും താനുമായി അടുത്ത വ്യക്തി ബന്ധമുണ്ട്, പക്ഷേ വ്യക്തിബന്ധവും രാഷ്ട്രീയവും രണ്ടാണ്' : കെ വി തോമസ്
kv thomas

തിരുവനന്തപുരം : സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതിനുശേഷം പിന്തുണ ആർക്കെന്ന് പറയുമെന്ന് കെ.വി തോമസ്. ഉമാ തോമസും താനുമായി അടുത്ത വ്യക്തി ബന്ധമുണ്ട്, പക്ഷേ വ്യക്തിബന്ധവും രാഷ്ട്രീയവും രണ്ടാണെന്ന് കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

വ്യക്തി ബന്ധത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നും വികസനത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തുറന്നു പറയേണ്ട സമയമാണിതെന്നും കെ.വി തോമസ് വ്യക്തമാക്കി. താൻ എൽ.ഡി.എഫിന് ഒപ്പം എന്നത് മാധ്യമ സൃഷ്ടിയാണെന്നും താൻ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും കെ.വി തോമസ് പറഞ്ഞു.

അതിനിടെ, വ്യക്തിബന്ധത്തിനല്ല പ്രാധാന്യം, വികസനത്തിനാണ് എന്ന കെ.വി തോമസിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് എം സ്വരാജ് രംഗത്തുവന്നു.

‘രാഷ്ട്രീയം പലതായിരിക്കാം. പക്ഷേ നാട് വളരണം, നാട്ടിൽ വികസനം വരണം. അങ്ങനെ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലാണ് കെ.വി തോമസ് മാഷ്. അദ്ദേഹവും വികസനത്തിനൊപ്പമാണ്. ഒരുപാട് കോൺഗ്രസുകാരും മറ്റ് പാർട്ടിയിലുള്ളവരും സ്വീകരിക്കുന്ന നിലപാടാണ് മാഷും സ്വീകരിച്ചിരിക്കുന്നത്. മറ്റ് കാര്യങ്ങളൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ല. മാഷ് ഇപ്പോഴും കോൺഗ്രസിന്റെ ഭാഗമാണ് ‘- എം സ്വരാജ് പറയുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം എൽഡിഎഫിനെയും യുഡിഎഫിനെയും സംബന്ധിച്ച് ഒരുപോലെ നിർണായകമാണ്. തൃക്കാക്കര പിടിച്ചാൽ ഒരുവർഷം പൂർത്തിയാക്കിയ രണ്ടാം പിണറായി സർക്കാരിനുള്ള ജനകീയ അംഗീകാരമായി എൽഡിഎഫിന് അത് ഉയർത്തിക്കാട്ടാം. യുഡിഎഫിന് ഉറച്ച കോട്ട കാക്കുക എന്നതിനപ്പുറം പുതു നേതൃത്വത്തിന്റെയും സിൽവർലൈൻ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിർണയിക്കുന്നത് കൂടിയാകും തൃക്കാക്കര പോര്.

Share this story