കെഎസ്ആര്‍ടിസി സൂചനാ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സിഐടിയു
diesel,ksrtc

കെഎസ്ആര്‍ടിസി സൂചനാ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സിഐടിയു. പത്താം തീയതി ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ യൂണിയനുകളുടെ പണിമുടക്ക് രാഷ്ട്രീയപ്രേരിതമാണ്. യാത്രക്കാരേയും കോര്‍പ്പറേഷനേയും ബുദ്ധിമുട്ടിക്കാനില്ലെന്ന് സിഐടിയു പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പ്രതിപക്ഷ യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പള പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച യോഗം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമല്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ കുറ്റപ്പെടുത്തി.

ശമ്പളം മുടക്കില്ലെന്ന് മന്ത്രി പലവട്ടം ഉറപ്പു തന്നതാണ്. എന്നാല്‍ ഇതുവരെ ആ വാക്ക് പാലിക്കാന്‍ ഗതാഗത മന്ത്രിക്കൊ കെഎസ്ആര്‍ടിസി മാനേജ്മെന്റിനോ കഴിഞ്ഞിട്ടില്ല. തങ്ങളെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച മാസം കഴിഞ്ഞ മാസമായിരുന്നു. ഈ രാജ്യത്തെ എല്ലാവരും ഈസ്റ്ററും വിഷുവും ആഘോഷിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പട്ടിണി കിടന്നു.

സര്‍ക്കാര്‍ വിചാരിച്ചിരുന്നെങ്കില്‍ തങ്ങളുടെ പട്ടിണി ഒഴിവാക്കാമെന്നു തന്നെയായിരുന്നു വിശ്വാസം. അതുണ്ടായില്ല, നിയമപ്രകാരം ഒരു പണിമുടക്ക് നോട്ടീസ് കൊടുക്കേണ്ട സമയത്ത് അത് കൊടുത്തു കൊണ്ട് ജനങ്ങള്‍ക്ക് ആവശ്യമുള്ള മുന്‍കരുതലുകള്‍ എടുക്കാനുള്ള സൗകര്യം കൊടുത്തിട്ടും 18 ദിവസത്തെ സാവകാശം ഉണ്ടായിട്ടും പണിമുടക്ക് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇന്ന് ചര്‍ച്ച നടത്തിയതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

ഇന്ന് കെഎസ്ആര്‍ടിസിയുടെ സിഎംഡി ആദ്യം പറഞ്ഞത് 21ന് ശമ്പളം തരാമെന്നാണ്. കഴിഞ്ഞ മാസം കിട്ടേണ്ട ശമ്പളം ഈ മാസം 21ന് താരമെന്നാണ് പറയുന്നത്. തങ്ങള്‍ പണിമുടക്കില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ശമ്പളം 10ന് തരാമെന്ന് പറഞ്ഞു. മുന്‍കാല അനുഭവം വച്ച് ശമ്പളം കൊടുക്കില്ലെന്നാണ് കരുതുന്നതെന്നും അതിനാല്‍ പണിമുടക്കില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പ്രതിപക്ഷ സംഘടനകള്‍ പറഞ്ഞു.

Share this story