കെ എസ് ആർ ടി സിയുടെ അനാക്കൊണ്ട ബസ് കൊച്ചിയിലെത്തി
anaconda ksrtc

കൊച്ചി : അനാക്കൊണ്ട എന്ന പേരില്‍ പ്രസിദ്ധമായ കെ എസ് ആര്‍ ടി സിയുടെ 'നെടുനീളന്‍ നീല ബസ്'  കൊച്ചിയിലെത്തി. തോപ്പുംപടി - കരുനാഗപ്പള്ളി റൂട്ടില്‍ ഈ ബസ് ഓടിത്തുടങ്ങി. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ നിന്ന് തോപ്പുംപടിയിലേക്ക് ആദ്യ ട്രിപ്പ് എടുത്തു. രണ്ട് ബസുകള്‍ ചേര്‍ത്ത് വച്ചതു പോലെയാണ് ബസിന്റെ രൂപം. 17 മീറ്ററാണ് നീളം. സാധാരണ ബസുകള്‍ക്ക് 12 മീറ്ററാണ് പരമാവധി നീളം.

ഒരു ലിറ്റര്‍ ഡീസലില്‍ മൂന്ന് കിലോമീറ്റര്‍ മാത്രമാണ് മൈലേജ്. അതുകൊണ്ട് സര്‍വീസ് ലാഭത്തില്‍ നടത്തുക വലിയ ബുദ്ധിമുട്ടാണ്. 10 വര്‍ഷം മുമ്പ് കെ.എസ്.ആര്‍.ടി.സി. പുറത്തിറക്കിയ ബസാണിത്. 'വെസ്റ്റിബ്യുള്‍ ബസ്' എന്നാണ് പേര്. ഈ ഇനത്തിലുള്ള സംസ്ഥാനത്തെ ഏക ബസും ഇതാണ്. തിരുവനന്തപുരത്തും ആറ്റിങ്ങലും കൊല്ലത്തുമൊക്കെ ഓടി പേരെടുത്ത ബസ്, ഒടുവില്‍ അവസാന കാലമായപ്പോള്‍ കൊച്ചിയിലെത്തിയതാണ്.

തീവണ്ടിയിലെ ബോഗികള്‍ ചേര്‍ത്തുെവക്കുന്നതുപോലെ രണ്ട് ബസുകളുടെ ഭാഗങ്ങള്‍ ചേര്‍ത്തുെവച്ചിരിക്കുകയാണ്. 60 സീറ്റകളുണ്ട്. തോപ്പുംപടി-കരുനാഗപ്പള്ളി റൂട്ടില്‍ പരീക്ഷണ ഓട്ടമാണിപ്പോള്‍ നടക്കുന്നത്. വലിയ വളവുകളൊന്നുമില്ലാത്ത റൂട്ടാണിത്. അതുകൊണ്ടാണ് നെടുനീളന്‍ ബസിന് ഈ റൂട്ട് തിരഞ്ഞെടുത്തതത്രെ. ഓര്‍ഡിനറി സര്‍വീസാണിത്. രാവിലെ 8.30-ന് കരുനാഗപ്പള്ളിയില്‍നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 1.20-ന് തോപ്പുംപടിയിലെത്തും. ഉച്ചയ്ക്ക് രണ്ടിന് തോപ്പുംപടിയില്‍നിന്ന് പുറപ്പെടുന്ന ബസ് രാത്രി ഏഴിന് കരുനാഗപ്പള്ളിയിലെത്തും.

വലിപ്പം കണ്ടാണ് ബസിന് തിരുവനന്തപുരത്തുകാര്‍ 'അനാക്കൊണ്ട ' എന്ന് പേരിട്ടത്. തിരുവനന്തപുരത്ത് 'പാമ്പ് ' എന്നും ഇതിന് വിളിപ്പേരുണ്ടത്രെ. 'ബസിന്റെ നിറം കാണുമ്പോ യാത്രക്കാര്‍ക്ക് കണ്‍ഫ്യൂഷനാ. അതുകൊണ്ട് അവര്‍ കയറാന്‍ മടിക്കും. ഞങ്ങള്‍ ആളുകളെ വിളിച്ചു കയറ്റുകയാ...' ബസിലെ കണ്ടക്ടര്‍ ജോണ്‍സണ്‍ തോമസ് പറയുന്നു. എല്ലാ സ്റ്റോപ്പിലും നിര്‍ത്തി പോകുന്നതിനാല്‍ അഞ്ച് മണിക്കൂര്‍ കൊണ്ടാണ് സര്‍വീസ് പൂര്‍ത്തിയാക്കുന്നത്.

'ഓടിക്കാന്‍ വലിയ പ്രശ്നമൊന്നുമില്ല. വളരെ ശ്രദ്ധയോടെയാണ് ഓടിക്കുന്നത്. സൈഡ് നോക്കാന്‍ ബുദ്ധിമുട്ടാണ്. റോഡിന്റെ വളവിലും ശ്രദ്ധയോടെ ഓടിക്കണം' - ഡ്രൈവര്‍ ലിയാഖത്ത് അലിഖാന്‍ പറയുന്നു. നിലവില്‍ തോപ്പുംപടിയില്‍നിന്ന് തെക്കന്‍ മേഖലയിലേക്ക് ദീര്‍ഘദൂര ബസുകള്‍ ഒരെണ്ണം പോലുമില്ല. തോപ്പുംപടി-ചേര്‍ത്തല റൂട്ടില്‍ ഏതാനും ബസുകള്‍ മാത്രമാണുള്ളത്. അതുകൊണ്ട് പുതിയ സര്‍വീസ് നാട്ടുകാര്‍ക്ക് പ്രയോജനപ്പെടും.

Share this story