പേരുദോഷം മാറ്റാൻ പുതിയ പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി
കോട്ടയം:അപകടം ഒഴിവാക്കാനും തോന്നിയപോലെ ബസ് ഓടിക്കുന്നതായുള്ള പേരുദോഷം മാറ്റാനും പുതിയ പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ്ങില്‍ ഡ്രൈവര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ താത്കാലികമായി പരീശീലകരെ നിയമിക്കുന്നു. ഡ്രൈവിങ് ശീലം മെച്ചപ്പെടുത്തുകയും പ്രവര്‍ത്തനച്ചെലവും അപകടനിരക്കും കുറയ്ക്കുകയുമാണ് ലക്ഷ്യം.
ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ തസ്തികകളില്‍ കോര്‍പ്പേറേഷനില്‍നിന്ന് വിരമിച്ചവരെയും 60 വയസ്സ് തികയാത്തവരെയുമാണ് 'ബദലി' അടിസ്ഥാനത്തില്‍ എല്ലാജില്ലകളിലും നിയമിക്കുന്നത്. എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപയാണ് ദിവസവേതനം.
പ്രധാന ചുമതലകള്‍
ഡ്രൈവര്‍മാരുടെ ഡ്രൈവിങ് സ്വഭാവങ്ങള്‍ നിരന്തരം നിരീക്ഷിച്ച് തുടര്‍ പരിശീലനം നല്കുക
ഇന്ധനക്ഷമത, അപകടനിരക്ക്, ബ്രേക്ക് ഡൗണ്‍ എന്നിവ യൂണിറ്റ് തലത്തില്‍ പരിശോധിച്ച് ആവശ്യമുള്ള ജീവനക്കാര്‍ക്ക് പരിശീലനം നല്കുക.
ബസുകളില്‍ യാത്രചെയ്ത് ഡ്രൈവിങ് സ്വഭാവം നിരീക്ഷിച്ച് ആവശ്യമായ തിരുത്തലുകള്‍ നല്കുക.
പ്രാദേശികമായി പരിശീലനക്ലാസുകള്‍ നടത്തുക.
ഓരോ ആഴ്ചയും അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് നല്കുക.
ഫാസ്റ്റ് പാസഞ്ചറിനെയും സൂപ്പര്‍ ഫാസ്റ്റിനെയുമൊക്കെ മറികടന്നുപോകാന്‍ കൊതിക്കുന്ന ഓര്‍ഡിനറി ബസുകളുടെ ഡ്രൈവര്‍മാരോട് കോര്‍പ്പറേഷന്‍ പറയുന്നു, അത്ര ആവേശം വേണ്ടാ. ഓര്‍ഡിനറി ബസുകളോടിക്കുന്നവര്‍ ഉയര്‍ന്ന ശ്രേണിയിലുള്ള ബസുകളെ യാതൊരുകാരണവശാലും ഓവര്‍ടേക്ക് ചെയ്യരുത്. അങ്ങനെ സംഭവിച്ചാല്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരേ നടപടിയൊന്നും എടുക്കില്ലെങ്കിലും പരാതികളും അപകടവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് കോര്‍പ്പറേഷന്‍ സി.എം.ഡി.ക്കുവേണ്ടി ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിര്‍ദേശിച്ചു.