ആനവണ്ടിയിലെ വിനോദയാത്ര സൂപ്പർ ഹിറ്റ്; വരുമാനം കോടികൾ..

ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ ടൂറിസം സർവീസുകൾ വൻ ജനപിന്തുണയോടെ മുന്നേറുന്നു. ചെലവ് വളരെ കുറവെന്നതാണ് ആനവണ്ടിയെ പ്രിയപ്പെട്ടതാക്കുന്ന ആദ്യ ഘടകം. പ്രായമായവർ മുതൽ യുവാക്കൾവരെ ആനവണ്ടിയിലെ വിനോദയാത്രയുടെ ആരാധകരായതോടെ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ നേടുന്നത് കോടികളുടെ വരുമാനമാണ്.

2021 നവംബറില്‍ യാത്രകള്‍ ആരംഭിച്ചതിന് ശേഷം കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 29 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് വരുമാനമായി ലഭിച്ചത്. ഒമ്പതിനായിരത്തിലധികം ട്രിപ്പുകളിലായി അഞ്ച് ലക്ഷത്തിലധികം പേര്‍ ഇതുവരെ യാത്ര ചെയ്തിട്ടുണ്ട്. അമ്പതോളം യൂണിറ്റുകളിലായാണ് നിലവില്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പ്രവര്‍ത്തിക്കുന്നത്. 

കണ്ണൂര്‍ ബജറ്റ് ടൂറിസം സെല്‍ യൂണിറ്റാണ് വരുമാനത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. പത്തനംതിട്ട, പാലക്കാട്, ചാലക്കുടി, മലപ്പുറം എന്നീ യൂണിറ്റുകള്‍ പിന്നാലെയുണ്ട്. 2.53 കോടിയാണ് കണ്ണൂര്‍ യൂണിറ്റിന് ലഭിച്ച വരുമാനം. പത്തനംതിട്ട 2.17 കോടി, പാലക്കാട് 2.14 കോടി, ചാലക്കുടി 2.11 കോടി, മലപ്പുറം 1.91 കോടി എന്നിങ്ങനെയാണ് വരുമാനം നേടിയത്. വിനോദസഞ്ചാര, വനം വകുപ്പുകളുമായി ചേര്‍ന്ന് കെഎസ്ആര്‍ടിസി ടൂര്‍പാക്കേജുകള്‍ നിശ്ചയിക്കുന്നത്.