സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കണക്കാക്കുന്ന രീതി മാറുന്നു

kseb

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കണക്കാക്കുന്ന രീതി മാറും. രാത്രി സമയത്തെ ഉപയോഗത്തിന് ഇപ്പോഴുള്ള നിരക്ക് തുടരുമെന്നും പകല്‍ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. എല്ലാ വീടുകളിലും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ചാല്‍ മാത്രമാകും പുതിയ രീതിയിലേക്ക് മാറാനാവുക.

ഒരു ഉപഭോക്താവിന്റെ ഒരു ദിവസത്തെ വൈദ്യുതി ഉപയോഗത്തെ ഉപഭോഗം ഏറ്റവും കൂടിയ വൈകീട്ട് 6 മുതല്‍ 10 വരെ ഉപയോഗം ഏറ്റവും കുറഞ്ഞ രാത്രി 10 മുതല്‍ രാവിലെ 6 വരെ ശരാശരി ഉപഭോഗം നടക്കുന്ന പകല്‍ 6 മുതല്‍ 6 വരെ എന്നിങ്ങനെ മൂന്നായി തിരിച്ച് മൂന്ന് നിരക്കായി ഈടാക്കണം എന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

നിലവില്‍ പ്രതിമാസം 250 യൂണിറ്റ് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കും ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കും വ്യാവസായിക മേഖയിലും. 'ടൈം ഓഫ് ദ ഡേ' റീഡിങ്ങ് സമ്പ്രദായം നിലവിലുണ്ട്. താല്‍പര്യമുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും ഈ താരിഫിലേക്ക് മാറാം. സമയത്തിന് അനുസരിച്ച് വൈദ്യുതി ഉപയോഗം അളക്കാന്‍ ടിഒടി മീറ്ററോ സ്മാര്‍ട് മീറ്ററോ വേണം.

പീക്ക് അവറില്‍ ഉപയോഗം കുറയുന്നതോടെ വൈദ്യുതി ബോര്‍ഡിനുണ്ടാകുന്നതും വലിയ ലാഭമാണ്.
എന്നാല്‍ ടിഒഡി ഫ്‌ലാറ്റ് റേറ്റിലേക്ക് വരുമ്പോള്‍ പുതിയ മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള അധിക ചെലവിനെക്കുറിച്ചോ, ഏറ്റവും കുറവ് വൈദ്യുതി ഉപയോഗിക്കുന്ന പാവപ്പെട്ടവര്‍ക്ക് നിലവില്‍ സ്ലാബ് അടിസ്ഥാനത്തില്‍ ലഭിക്കുന്ന ആനുകൂല്യത്തെക്കുറിച്ചോ ഒന്നും പറയുന്നില്ല.

സ്മാര്‍ട്ട് മീറ്ററുകളിലേക്ക് പെട്ടെന്ന് ഉപഭോക്ത്താക്കളെ പെട്ടെന്ന് മാറ്റാനും എതിര്‍പ്പുകള്‍ക്ക് തടയിടാനുമുള്ള നീക്കത്തിന്റെ ഭാഗമാണോ ഇപ്പോഴത്തെ നീക്കം എന്നും സംശയിക്കുന്നവരുണ്ട്. ഉപഭോക്താക്കളില്‍ ആശങ്കകളും സംശയങ്ങളും ഉയരുമ്പോള്‍ ഘട്ടം ഘട്ടമായി ഇത് നടപ്പിലാക്കാനാവില്ലെന്നാണ് വൈദ്യുതി വകുപ്പിലെ ജീവനക്കാരും പറയുന്നത്.

നിലവില്‍ സമയം തിരിച്ച് ഉപഭോഗം കണക്കാക്കുന്നത് ടിഒഡി മീറ്റര്‍ ഉപയോഗിച്ചാണ്. ടിഒഡി സംപ്രദായം എല്ലാ ഉപഭോക്താക്കളിലേക്കും കൊണ്ടുവരണമെങ്കില്‍ എല്ലാ വീട്ടിലും ടിഒഡി മീറ്റര്‍ വെക്കണം. 2025 ഓടെ കോടികള്‍ മുടക്കി സ്മാര്‍ട് മീറ്റര്‍ കൊണ്ടുവരാനിരിക്കെ ടിഒഡി മീറ്റര്‍ സ്ഥാപിച്ചാല്‍ അത് പാഴ്‌ചെലവാകും.

വൈദ്യുതി ഉപഭോഗം കൂടുതലുള്ള സമയത്ത് നിരക്ക് കൂട്ടുന്നതോടെ ആ സമയത്തെ ഉപയോഗം കുറയും. കെഎസ്ഇബി ഏറ്റവും കൂടുതല്‍ പണം കൊടുത്ത് വൈദ്യുതി വാങ്ങുന്നത് ഈ നേരത്താണ്. പീക്ക് അവറില്‍ ഉപയോഗം കുറയുന്നതോടെ വൈദ്യുതി ബോര്‍ഡിന് വലിയ ലാഭമാണ് ലഭിക്കുക.

പ്രതിമാസം 250 യൂണിറ്റ് വരെ ഉപഭോഗമുള്ളവരെ 5 സ്ലാബുകളാക്കി തിരിച്ച് ടെലിസ്‌കോപ്പിക് ബില്ലിങ്ങ് അനുസരിച്ച് പല നിരക്കാണ് ഈടാക്കുന്നത്. വൈദ്യുതി ഏറ്റവും കുറവ് ഉപയോഗിക്കുന്ന ആള്‍ക്ക് യൂണിറ്റിന് ഏറ്റവും ചെറിയതുക. ടിഒഡി ഫ്‌ലാറ്റ് റേറ്റിലേക്ക് വരുന്‌പോള്‍ പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്ന ഈ ആനുകൂല്യം ഇല്ലാതാകുമോ എന്നതാണ് പ്രധാന ചോദ്യം.

നിലവില്‍ റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച വൈദ്യുതി താരീഫിന് മാര്‍ച്ച് 31 അവസാക്കാനിരിക്കെ പെട്ടെന്ന് ടിഒഡി സമ്പ്രദായം നടപ്പാക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

Share this story