അട്ടമലയിലും വൈദ്യുതി പുനഃസ്ഥാപിച്ച് കെഎസ്ഇബി
കഴിഞ്ഞ ദിവസം ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി പുനഃസ്ഥാപിച്ചതിന് പിന്നാലെ ഏറെ ശ്രമങ്ങള്‍ക്കൊടുവില്‍ വയനാട് ഉരുള്‍പൊട്ടലില്‍ നാശം വിതച്ച അട്ടമലയിലും വൈദ്യുതി പുനഃസ്ഥാപിച്ച് കെഎസ്ഇബി. തകര്‍ന്നുപോയ പോസ്റ്റുകള്‍ മാറ്റിയും ചരിഞ്ഞുപോയവ നിവര്‍ത്തിയും 11 കെ വി വൈദ്യുതി ശൃംഖല പുനര്‍നിര്‍മിച്ചാണ് അട്ടമലയിലെ മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകളിലേക്ക് വൈദ്യുതിയെത്തിച്ചതെന്ന് കെഎസ്ഇബി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇതോടെ നാനൂറോളം വീടുകളിലേക്ക് വൈദ്യുതി എത്തി.
ചൂരല്‍മലയില്‍ നിന്ന് താത്കാലിക പാലത്തിലൂടെ ഏറെ ശ്രമകരമായി ജീവനക്കാരെയും ഉപകരണങ്ങളെയും അട്ടമലയില്‍ എത്തിച്ചായിരുന്നു പ്രവര്‍ത്തി പൂര്‍ത്തിയാക്കിയത്. കെ എസ് ഇ ബി മേപ്പാടി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയറുടെ നേതൃത്വത്തില്‍ രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു പ്രവര്‍ത്തനം. ചൂരല്‍മല ടൗണിലെ പ്രകാശ സംവിധാനവും സജ്ജമാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.