കെ.എസ്.ഇ.ബിക്ക് നഷ്ടക്കച്ചവടമായി പുരപ്പുറ സൗരോർജ പദ്ധതി

google news
purappura saurorjam

പാലക്കാട്: പുരപ്പുറ സൗരോർജ പദ്ധതികൾ കെ.എസ്.ഇ.ബിക്ക് വൻ നഷ്ടം വരുത്തുന്നു  . ഉയർന്ന സ്ലാബിൽ നിരക്ക് അടക്കുന്നവരിൽ നല്ലൊരു ഭാഗം സൗരോർജ പ്ലാന്റ് സ്ഥാപിച്ച് വരികയാണ്. ഇത് കെ.എസ്.ഇ.ബി വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.വൈദ്യുതികരാറുകൾ ഇല്ലാതായതോടെ വൻ വിലക്ക് വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതും ഗാർഹിക ഉപഭോക്താക്കളിൽ ഏറെപ്പേർ സൗരോർജ പദ്ധതികളിലെത്തിയതുമാണ് നഷ്ടം വീണ്ടും ചർച്ചയാകുന്നത്

പകൽ സൗരോർജ യൂനിറ്റുകളിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി, ഉപയോഗശേഷം വൈദ്യുതി ഗ്രിഡിലേക്കാണ് നൽകുന്നത്. ഇത് ആകെ ഉപഭോഗത്തിൽ നിന്ന് കുറച്ച ശേഷമാണ് ഉപഭോക്താവിന് ബിൽ ചെയ്യുന്നത്. അതായത് പകൽ ഉൽപാദിപ്പിച്ച് ഗ്രിഡിലേക്ക് നൽകിയ വൈദ്യുതിക്ക് തുല്യമായി രാത്രി ഉപയോഗിച്ചാൽ ഉപഭോക്താവ് യൂനിറ്റ് നിരക്കിൽ ബില്ല് നൽകേണ്ടതില്ല.

രാത്രി സമയങ്ങളിലെ ക്ഷാമം മറികടക്കാൻ പവർ എക്ചേഞ്ചിൽ നിന്ന് യൂനിറ്റിന് ഒമ്പത് രൂപയോളം നൽകിയാണ് അധിക വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങുന്നത്. ഇത്തരത്തിൽ കൂടിയ തുകക്ക് വാങ്ങിയ വൈദ്യുതിയാണ് സൗരോർജ വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്ക്, പകൽ ഗ്രിഡിലേക്ക് നൽകിയ വൈദ്യുതിക്ക് തുല്യമായി രാത്രി നൽകുന്നത്.

സൗരോർജ പ്ലാന്റിൽ നിന്ന് ഉൽപാദിപ്പിച്ച വൈദ്യുതി, ആകെ ഉപയോഗിച്ചതിനേക്കാൾ കൂടുതലാണെങ്കിൽ യൂനിറ്റിന് 2.69 രൂപ നിരക്കിൽ കെ.എസ്.ഇ.ബി നൽകുന്നുണ്ട്. ഈ തുക കുറവായതിനാൽ അധികവൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകാതെ, ഉൽപാദിപ്പിച്ച വൈദ്യുതിക്ക് തുല്യമായി ഉപയോഗിക്കുന്ന ഉപഭോക്താക്കളും കുറവല്ല.

സൗരോർജ ഉൽപാദകരെ മുഴുവനായി രാത്രി സമയത്തെ വൈദ്യുതിക്ക് കൂടുതൽ വില ഈടാക്കുന്ന ടി.ഒ.ഡി ബില്ലിങ് രീതിയിലേക്ക് കൊണ്ടുവരികയോ, നെറ്റ് മീറ്ററിങ് ബില്ലിങ്ങിന് പകരം ഗ്രോസ് മീറ്ററിങ് ബില്ലിങ് കൊണ്ടുവരികയോ വേണമെന്ന ചർച്ച കെ.എസ്.ഇ.ബിക്കകത്ത് സജീവമാണ്.

Tags