പൊന്നമ്പലമേടിനെ പ്രകാശപൂരിതമാക്കി കെ എസ് ഇ ബി
ശബരിമല : മണ്ഡലകാലം മുഴുവൻ ശബരിമലയാകെ വെളിച്ചം നിറയ്ക്കാൻ വേണ്ട എല്ലാ മുൻകരുതലുകളും വൃശ്‌ചികം ഒന്നിന് മുൻപ് തന്നെ പൂർത്തിയായതായി കെ എസ് ഇ ബി . ഒരു തരത്തിലും തടസ്സം നേരിടാത്ത രീതിയിലാണ് ക്രമീകരണങ്ങൾ. സന്നിധാനം ,പമ്പ ,നിലയ്ക്കൽ എന്നിവിടങ്ങളിൽ 24 മണിക്കൂറും ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
പൂർണമായും എൽ ഇ ഡി ലൈറ്റുകളാണ് ഇത്തവണ ഉപയോഗിച്ചിട്ടുള്ളത്. ഇവ കൂടുതൽ വെളിച്ചം പകരുന്നതോടൊപ്പം തകരാറുകൾ കുറവുമാണ്. മുഴുവനായും ഇൻസുലേഷൻ ഉള്ള വയറിങ് ആണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ എല്ലായിടത്തും ഉപയോഗിച്ചിട്ടുള്ളത്. ഇത് വന്യമൃഗങ്ങൾ ഉൾപ്പടെ വൈദ്യുതി അപകടങ്ങളിൽ പെടുന്നത് പൂർണമായും ഒഴിവാക്കുന്നു . 30 ഉദ്യോഗസ്ഥരെ ആണ് 24 മണിക്കൂർ ഡ്യൂട്ടിക്കായി കെ എസ് ഇ ബി നിയോഗിച്ചിട്ടുള്ളത്. മൂഴിയാർ നിന്നും കൊച്ചുപമ്പ വഴി ത്രിവേണിയിൽ എത്തുന്ന 66 കെ വി മെയിൻ ലൈനിൽ നിന്നാണ് പ്രധാന വൈദ്യുതി വിതരണം.
ഇത് കൂടാതെ മുണ്ടക്കയം വണ്ടിപ്പെരിയാർ വഴി കൊച്ചുപമ്പയിൽ എത്തിച്ചിട്ടുള്ള സ്റ്റാൻഡ് ബൈ സപ്ലൈയും ഉണ്ട്. ഏതെങ്കിലും തരത്തിൽ വൈദ്യുതി തടസം പ്രധാന ലൈനിൽ നേരിട്ടാൽ വളരെ വേഗം തന്നെ ലൈൻ മാറ്റി ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനാകും. പമ്പയിലും സന്നിധാനത്തുമായി 38 ട്രാൻസ്ഫോർമറുകളും നിലയ്ക്കലിൽ 22 ട്രാൻസ്ഫോർമറുകളുമാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതിനുപുറമെ പമ്പയിൽ ഭക്തർക്കായി ഇ വി ചാർജിങ് സ്റ്റേഷനും കെ എസ് ഇ ബി ക്രമീകരിച്ചിട്ടുണ്ട്.