ഇവി പഠനത്തിനായുള്ള കേരളത്തിലെ ആദ്യ വിആര്‍ ലാബുമായി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ടെക്മാഗി

KS UM startup TechMagi with Kerala's first VR lab for EV learning
KS UM startup TechMagi with Kerala's first VR lab for EV learning

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ എഡ്-ടെക് സ്റ്റാര്‍ട്ടപ്പായ ടെക്മാഗി വൈദ്യുതവാഹനങ്ങള്‍ക്കുള്ള പഠനത്തിനായുള്ള കേരളത്തിലെ ആദ്യ വെര്‍ച്വൽ  റിയാലിറ്റി ലാബ് അവതരിപ്പിച്ചു. തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിആര്‍. ബിന്ദു ലാബിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.വൈദ്യുതവാഹനങ്ങളുമായി ബന്ധപ്പെട്ട പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ദിശാബോധം ഈ ലാബ് നൽകുമെന്ന് മന്ത്രി പറഞ്ഞു.


വി ആര്‍ സാങ്കേതികവിദ്യയിൽ  സൈദ്ധാന്തിക അറിവും പ്രായോഗിക പ്രയോഗവും തമ്മിലുള്ള വിടവ് നികത്തി വിദ്യാര്‍ത്ഥികള്‍ക്ക് ആഴത്തിലുള്ള പഠനാനുഭവം വിആര്‍ ലാബ് നൽകുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സഹായത്തോടെ വിആര്‍ ലാബിന്‍റെ വികസനം സാധ്യമാക്കുകയും, അതുവഴി സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ നിലവാരം ഉയര്‍ത്താനും ടെക്മാഗി ലക്ഷ്യമിടുന്നു.


ഇവി മേഖലയിൽ  വിദ്യാര്‍ത്ഥികളുടെ പഠനാനുഭവം മെച്ചപ്പെടുത്തുന്നതിൽ  വിആര്‍ ലാബിന് മുഖ്യപങ്ക് വഹിക്കാനാകുമെന്ന് കമ്പനി സിഇഒ ദീപക് രാജന്‍ പറഞ്ഞു.സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ  വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ടെക്മാഗി തയ്യാറെടുക്കുകയാണ്. വിആര്‍ ലാബിൽ  കൂടുതൽ  വിപുലീകരണവും വികസനവും നടത്താനുള്ള പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വ്യവസായ ലോകത്തെ അക്കാദമിക് പഠനവുമായി ബന്ധിപ്പിക്കുന്നത് ലക്ഷ്യം വച്ചാണ് 2021   സ്ഥാപിതമായ ടെക്മാഗി പ്രവര്‍ത്തിക്കുന്നത്. പ്രായോഗികവും നൈപുണ്യമുള്ള പഠനമാര്‍ഗങ്ങളെ കേന്ദ്രീകരിച്ചുള്ള സാങ്കേതിക വിദ്യാഭ്യാസ കോഴ്സുകളുടെ വിപുലമായ ശേഖരം വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ പ്രദാനം ചെയ്യുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ കൊച്ചിയിലെ കാമ്പസിലാണ് ടെക്മാഗിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. കൂടാതെ, കൊച്ചിയിൽ  രണ്ട് എക്സ്പീരിയന്‍സ് സെന്‍ററുകളും, ഗുജറാത്തിലെ എ  ജെ ഫൗണ്ടേഷനിൽ  പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗവും ടെക്മാഗിയ്ക്കുണ്ട്.


46,000-ലധികം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ച്, ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിൽ  ഇടം നേടിയ കമ്പനിയാണ് ടെക്മാഗി. കൂടാതെ, 1.5 ലക്ഷം വിദ്യാര്‍ത്ഥികളെ വിവിധ മേഖലകളിൽ  ഇവര്‍ പരിശീലിപ്പിക്കുകയും ചെയ്യുന്നു.

Tags