സ്ത്രീവിരുദ്ധമായ പരാമർശം പൂർണ്ണമായും തെറ്റ് ; ഖേദപ്രകടനം നടത്തിയ കെ.എസ് ഹരിഹരൻ്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു എന്ന് വി ഡി സതീശൻ

google news
vd satheeshan


സ്ത്രീവിരുദ്ധമായ പരാമര്‍ശം പൂര്‍ണ്ണമായും തെറ്റാണെന്നും കെ.എസ് ഹരിഹരന്റെ വിവാദ പ്രസ്താവന യു.ഡി.എഫ് അംഗീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ.എസ് ഹരിഹരന്റെ പരാമര്‍ശത്തിലുള്ള വിയോജിപ്പ് പരിപാടി കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് മാതൃകയാകണം.

പിഴവ് ബോധ്യപ്പെട്ട് ഖേദപ്രകടനം നടത്തിയ കെ.എസ് ഹരിഹരന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നെന്നും വി ഡി സതീശൻ വ്യക്തമാക്കി. പരിപാടിയുടെ സംഘാടകരെന്ന നിലയില്‍ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വവും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. വിവാദ പരാമര്‍ശം തള്ളിപ്പറഞ്ഞ ആര്‍.എം.പി നേതൃത്വത്തിന്റെ സമീപനവും ഉചിതമായി. രാഷ്ട്രീയ ആരോപണങ്ങള്‍ മുന കൂര്‍പ്പിച്ച് ഉന്നയിക്കുമ്പോള്‍ പൊതു പ്രവര്‍ത്തകര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. പുരോഗമന സമൂഹത്തിന് അനുചിതമായ വാക്കുകള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ല.

സിപിഐഎം വര്‍ഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി വടകരയില്‍ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാംപയിനിലാണ് ആര്‍എംപി കേന്ദ്ര കമ്മിറ്റി അംഗം കെഎസ് ഹരിഹരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. കെകെ ശൈലജയെയും നടി മഞ്ജു വാര്യരെയും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു പരാമര്‍ശം. പരിപാടിയുടെ ഉദ്ഘാടകനായ വി.ഡി സതീശനും വടകരയിലെ യു.ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലും പരിപാടിയില്‍ സന്നിഹിതയായിരുന്നു. കെ. കെ ശൈലജയ്‌ക്കെതിരായ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നതിനിടെയാണ് ഇത്തരം പരാമര്‍ശം ഹരിഹരന്‍ നടത്തിയത്. പരാമര്‍ശത്തില്‍ കെഎസ് ഹരിഹരന്‍ മാപ്പ് പറഞ്ഞിരുന്നു. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഹരിഹരന്റെ മാപ്പപേക്ഷ. തെറ്റായ പരാമര്‍ശം നടത്തിയഹില്‍ ഖേദിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
 

Tags