രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ

google news
saparia

കാസര്‍കോട് മണ്ഡലം എംപിയും നിലവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ . 

ഒരു വിവാഹ സല്‍ക്കാരത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ സംഭാഷണം നടത്തിയെന്ന് ചൂണ്ടി കാട്ടിയായിരുന്നു ബാലകൃഷ്ണന്‍ എഫ്ബിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നത്. ഉണ്ണിത്താനുവേണ്ടി താന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നുവെന്നും ഈ രാത്രി ഈ ഒറ്റ ചിത്രം മാത്രം പുറത്തിറക്കുന്നുവെന്നും ബാക്കിയെല്ലാം വാര്‍ത്താ സമ്മേളനത്തില്‍ പറയുമെന്നും കെപിസിസി സെക്രട്ടറി തന്റെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റാണ് ഇപ്പോള്‍ ബാലകൃഷ്ണന്‍ പിന്‍വലിച്ചത്.

താന്‍ പാര്‍ട്ടിക്ക് വേണ്ടി ചെയ്ത കാര്യങ്ങളും ബാലകൃഷ്ണന്‍ തന്റെ പോസ്റ്റില്‍ വിവരിച്ചിരുന്നു. ജില്ലയിലെ സകല കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും തമ്മില്‍ തല്ലിച്ചവനാണ് ഉണ്ണിത്താന്‍ എന്ന ആരോപണവും കുറിപ്പിലുണ്ടായിരുന്നു. പോസ്റ്റിന് പിന്നാലെ ജില്ലയിലെ പ്രധാന കോണ്‍ഗ്രസ് നേതാവ് കൂടിയായ ബാലകൃഷ്ണന്‍ പെരിയയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും നടന്നിരുന്നു. അതിന്റെ ഭാഗമായാണ് പോസ്റ്റ് പിന്‍വലിച്ചത് എന്നാണ് കരുതപ്പെടുന്നത്.

Tags