സാമ്പത്തിക പ്രതിസന്ധി രൂക്ഷം; തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ പിരിവുമായി കെപിസിസി

google news
kpcc

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ പിരിവ് നടത്താനൊരുങ്ങി കെപിസിസി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്നാണ് കൂപ്പൺ പിരിവ് നടത്തി ഫണ്ട് കണ്ടെത്താൻ തീരുമാനിച്ചത്. കൂപ്പൺ അടിച്ച് ഉടൻ തന്നെ വിതരണം ചെയ്യും. 

സാധാരണഗതിയിൽ മൂന്നു ഘട്ടമായി ഹൈക്കമാൻ്റ് സ്ഥാനാർത്ഥികൾക്ക് സഹായം നൽകിയിരുന്നു. പ്രചരണ സാമഗ്രി തയ്യാറാക്കൽ, സ്ഥാനാർത്ഥികളുടെ പര്യടനം, നേതാക്കളുടെ പര്യടനം എന്നിവയ്ക്ക് വേണ്ടിയായിരുന്നു പണം നൽകിയിരുന്നത്. എന്നാൽ ഇത്തവണ ഇതുവരെയും ആദ്യഘട്ട പണം പോലും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പിന്നിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. 

ദേശീയ നേതൃത്വം സാമ്പത്തിക പ്രതിസന്ധി തുറന്നു സമ്മതിക്കുകയും പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് കെപിസിസി സ്വന്തം വഴി തേടുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ ഇതിനായുള്ള കൂപ്പണുകൾ ബൂത്ത് തലങ്ങളിൽ എത്തും.