കോഴിക്കോട് പരാതി നൽകാനെത്തിയ ട്രാൻസ്ജെൻഡർ യുവതിക്ക് നേരെ പൊലീസ് അധിക്ഷേപം
kozhikode
പരാതി നൽകാനെത്തിയ തന്നെ ലൈംഗിക തൊഴിലാളിയെന്ന് വിളിച്ച് സി.ഐ അധിക്ഷേപിച്ചതായി ദീപ പറഞ്ഞു. പരിചയമില്ലാത്ത നമ്പറിൽ നിന്ന് തനിക്ക് മോശം സന്ദേശം ലഭിക്കുന്നതായി ചൊവ്വാഴ്ചയാണ് ദീപ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്.

കോഴിക്കോട്: കോഴിക്കോട് നടക്കാവിൽ പരാതി നൽകാനെത്തിയ ട്രാൻസ്ജെൻഡർ യുവതിക്ക് നേരെ പൊലീസ് അധിക്ഷേപം. ദീപ റാണിയാണ് സർക്കിൾ ഇൻസ്പെക്ടർ ജിജേഷ്നെതിരെ പരാതിയുമായി രംഗത്തെത്തിയത്. സി.ഐക്കെതിരെ ദീപ കമ്മീഷണർക്ക് പരാതി സമർപ്പിച്ചു.

പരാതി നൽകാനെത്തിയ തന്നെ ലൈംഗിക തൊഴിലാളിയെന്ന് വിളിച്ച് സി.ഐ അധിക്ഷേപിച്ചതായി ദീപ പറഞ്ഞു. പരിചയമില്ലാത്ത നമ്പറിൽ നിന്ന് തനിക്ക് മോശം സന്ദേശം ലഭിക്കുന്നതായി ചൊവ്വാഴ്ചയാണ് ദീപ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്.

താൻ ട്രാൻസ് ജെൻഡർ ആണെന്ന് മനസ്സിലാക്കിയ എസ്.പി 'നിന്‍റെ കസ്റ്റമറായിരിക്കും' വിളിക്കുന്നതെന്ന് പറഞ്ഞ് അധിക്ഷേപിച്ചതായി ദീപ പറഞ്ഞു. പരാതി സ്വീകരിക്കാനാകില്ലെന്നും നിന്‍റെ ജോലി സെക്സ് വർക്കല്ലേയെന്നും അത്തരത്തിലുള്ള ആളുകൾക്ക് വേണ്ടി കേസെടുക്കാൻ സാധിക്കില്ലെന്നും സി.ഐ പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ദീപ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ഒരാൾ പരാതിയുമായി വന്നാൽ ഇത്തരത്തിലാണോ പെരുമാറേണ്ടതെന്ന ദീപയുടെ ചോദ്യത്തിന് നീ സ്ത്രീ അല്ലെന്നും നീയൊക്കെ വേഷം കെട്ടി നടക്കുന്നവരല്ലേയെന്നും സി.ഐ പറയുന്നത് ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിൽ വിശദീകരണവുമായി നടക്കാവ് പൊലീസ് രംഗത്തെത്തി. ഇത്തരത്തിൽ നിരവധി ട്രാൻസ്ജെൻഡറുകൾ പരാതിയമായി എത്താറുണ്ട്. ആരോടും ഇതുവരെ മോശമായി പെരുമാറിയിട്ടില്ല. ദീപയുമായുള്ള സംസാരത്തിനിടെ ചില പ്രകോപനപരമായ വിഷയങ്ങൾ കടന്ന് വന്നത് കൊണ്ട് അതിനനുസരിച്ച മറുപടി നൽകുകയായിരുന്നെന്നും നടക്കാവ് പൊലീസ് വിശദീകരണം നൽകി.

Share this story