ലഹരിമരുന്നു ഉപഭോഗത്തിനെതിരെ കോഴിക്കോട് ബീച്ചിൽ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സമൂഹ നടത്തം

ramesh chennithala
ramesh chennithala

തിരുവനന്തപുരം : സംസ്ഥാനത്തെയാകെ ഗ്രസിച്ചിരിക്കുന്ന ലഹരിമരുന്നു ഉപഭോഗത്തിനെതിരെ കേരളത്തിലെ സകലവിഭാഗം ജനങ്ങളെയും അണിനിരത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സമൂഹനടത്തം സംഘടിപ്പിക്കുന്നു.

ലഹരിമരുന്നിനെതിരയുള്ള ബോധവൽക്കരണത്തിനായി രമേശ് ചെന്നിത്തല രൂപം കൊടുത്ത പ്രൗഡ് കേരള മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് ഏപ്രിൽ 12 ശനിയാഴ്ച രാവിലെ ആറരക്കാണ് ബോധവൽക്കരണ സമൂഹ നടത്തം സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ കലാലയങ്ങളിലും സ്‌കൂളുകളിലും ലഹരിമാഫിയ വേരുകളാഴ്ത്തിയിരിക്കുകയാണ്. കേരളത്തിലെ ചെറുപ്പക്കാർ ഇതിന്റെ അടിമകളും വിൽപനക്കാരുമായി മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ വീടുകളിൽ ചോര വീഴുന്നു. അമ്മമാരെയും സഹോദരങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ലഹരിയുടെ തിമിരം പുതുതലമുറയെ ബാധിച്ചിരിക്കുന്നു.

കൂട്ടായ പ്രയത്‌നത്തിലൂടെ മാത്രമേ ഈ പ്രതിസന്ധിയിൽ നിന്നു കരകയറാൻ സാധിക്കുകയുളളു. ഇതിന്റെ ഭാഗമായാണ് 'വാക്ക് എഗൻസ്റ്റ് ഡ്രഗ്' എന്ന സന്ദേശമുയർത്തി ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പാണക്കാട് മുനവറലി തങ്ങൾ, ഡോ.എം.കെ. മുനീർ, എം.കെ. രാഘവൻ എം.പി, സിനിമാ നടനും സംവിധായകനുമായ ജോയ് മാത്യു തുടങ്ങി സമൂഹത്തിന്റെ നാനാതുറയിൽപെട്ടവർ ഈ സമൂഹനടത്തത്തിൽ പങ്കു ചേരുമെന്ന് പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അറിയിച്ചു.

Tags