അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവം; ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്

google news
Kozhikode Medical College

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ഡോ. ബിജോൺ ജോൺസന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ശനിയാഴ്ചയാണ് ജില്ലാമെഡിക്കൽ ഓഫീസർ ഡോ. രാജേന്ദ്രൻ കൺവീനാറായി ആറംഗ വിദഗ്ധ സമിതിയുടെ യോഗം ചേർന്നത്. പോലീസ് സർജനും യോഗത്തിൽ പ​െങ്കടുത്തു. യോഗത്തിന് ശേഷം തീരുമാനമടങ്ങിയ റിപ്പോർട്ട് ഡി.എം.ഒ. അസിസ്റ്റന്റ് കമ്മിഷണർക്ക് നൽകുകയായിരുന്നു. ഇനി കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിഗമനം. ഇത് ശരിവെക്കുന്ന തരത്തിലാണ് മെഡിക്കൽ ബോർഡും റിപ്പോർട്ട് നൽകിയത്.

മേയ് 16-നാണ് കൈവിരലിന് ചികിത്സതേടിയെത്തിയ ചെറുവണ്ണൂർ മധുരബസാർ സ്വദേശികളുടെ മകൾക്ക് കൈക്ക് ശസ്ത്രക്രിയ നടത്തുന്നതിന് പകരം നാവിന് കെട്ട് മാറ്റാനായി ശസ്ത്രക്രിയ ചെയ്തത്. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി അടിയന്തര റിപ്പോർട്ട് തേടുകയും ഡോ. ബിജോൺ ജോൺസണെ അന്നുതന്നെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. 
 

Tags