കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kozhikode Medical College
Kozhikode Medical College

കോഴിക്കോട്: മെഡിക്കല്‍ കോളേജിൽ നാല് വയസുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്തതില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ ആരോപണ വിധേയനായ ഡോ. ബിജോൺ ജോൺസണെ നേരത്തേ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണിപ്പോള്‍ കേസെടുത്തുവെന്ന വാര്‍ത്ത വരുന്നത്. ഇതിനിടെ ഡോക്ടറെ ന്യായീകരിച്ച് കെജിഎംസിടിഎ (കേരള ഗവൺമെന്‍റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ) രംഗത്തെത്തിയതും ചര്‍ച്ചയാകുന്നുണ്ട്. അവയവം മാറി ശസ്ത്രക്രിയ ചെയ്തുവെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമെന്നും കുട്ടിയുടെ നാവിന് അടിയിലെ വൈകല്യം ശ്രദ്ധയില്‍ പെട്ടതോടെയാണ് ആദ്യം ആ ശസ്ത്രക്രിയ നടത്തിയത് എന്നുമായിരുന്നു കെജിഎംസിടിഎ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നത്. 

എന്നാല്‍ ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നേരത്തെ ഡോക്ട‍ര്‍ വീഴ്ച സമ്മതിച്ചിരുന്നു.  ശസ്ത്രക്രിയ കുടുംബത്തിൻറെ അനുമതിയോടെയായിരുന്നില്ല എന്ന് ഡോക്ടർ എഴുതിയ രേഖയാണ് പുറത്തുവന്നത്.

Tags